രാജധാനി എക്‌സ്പ്രസ് ഉൾപ്പടെയുള്ള മറ്റ് ട്രെയിനുകൾ വൈകിയതിന് കാരണം വന്ദേ ഭാരത് എക്സ്പ്രസ്സ് അല്ലെന്ന വിശദീകരണവുമായി ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിൽ അവതരിപ്പിക്കുമ്പോൾ ട്രെയിനുകളുടെ സമയക്രമത്തിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി വളരെ മുൻപ് തന്നെ അറിയിച്ചിരുന്നതായും വന്ദേ ഭാരത് എക്സ്പ്രസ്സിന് മുൻഗണന നൽകിക്കൊണ്ട് മറ്റൊരു ട്രെയിനും ഇതുവരെ തടഞ്ഞു വെക്കുന്ന നടപടിയുണ്ടായിട്ടില്ലെന്നും ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി ഗുഗനേശൻ വ്യക്തമാക്കുന്നു.
മഴ, കൊച്ചുവേളിയിലെ പിറ്റ് ലൈനിലുണ്ടായ വെള്ളക്കെട്ട്, ഉരുള്‍പൊട്ടൽ എന്നീ കാരണങ്ങളാലാണ് നിശ്ചിത സമയങ്ങളിൽ ഓടേണ്ടിയിരുന്ന ചില ട്രെയിനുകൾ വൈകിയോടിയത്
'ഒക്ടോബർ മാസത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ കാരണമാണ് ട്രെയിനുകൾ വൈകിയത്'. തുടർച്ചയായ മഴ, കൊച്ചുവേളിയിലെ പിറ്റ് ലൈനിലുണ്ടായ വെള്ളക്കെട്ട്, തിരുവനന്തപുരം - കൊല്ലം, തിരുവനന്തപുരം - നാഗർകോവിൽ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടൽ എന്നീ കാരണങ്ങളാലാണ് നിശ്ചിത സമയങ്ങളിൽ ഓടേണ്ടിയിരുന്ന ചില ട്രെയിനുകൾ വൈകിയോടിയത് എന്നാണ് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നത്.
ഈ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, കഴിഞ്ഞ ആഴ്ചയിൽ ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്സ്, എറണാകുളം-കായംകുളം എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം-ഗുരുവായൂർ എക്സ്പ്രസ്, മംഗലാപുരം-നാഗർകോവിൽ വഴിയോടുന്ന ഏറനാട് എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ കൃത്യനിഷ്ഠ നൂറു ശതമാനമായിരുന്നതായും പ്രസ്താവനയിൽ ദക്ഷിണ റെയിൽവേ അവകാശപ്പെടുന്നുണ്ട്. വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് ശേഷം ഷൊർണുർ തിരുവനന്തപുരം വേണാട് എക്സ്പ്രസ്സിന്റെ വേഗത കൂട്ടിയിരുന്നതായും റെയില്‍വെ അവകാശപ്പെടുന്നു
ട്രെയിനുകൾ വൈകുന്നതിന് കാരണം വന്ദേ ഭാരത് എക്‌സ്പ്രസ്സാണെന്ന് ആരോപിച്ച് നിരവധി യാത്രക്കാർ രംഗത്തെത്തിയിരുന്നു, ഇതു സംബന്ധിച്ച വാർത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാസർഗോഡേക്കുള്ള വന്ദേ ഭാരത് കടന്നുപോകുമ്പോൾ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സ്, ആലപ്പുഴ- എറണാകുളം സ്പെഷ്യൽ, ഏറനാട് എക്സ്പ്രസ്സ്, ആലപ്പുഴ- എറണാകുളം സ്പെഷ്യൽ, എറണാകുളം- കായംകുളം സ്പെഷ്യൽ എന്നിവ പിടിച്ചിടുന്നു എന്നായിരുന്നു പ്രധാന പരാതി. കൂടാതെ, വൈകിട്ടുള്ള എറണാകുളം- കായംകുളം സ്പെഷ്യൽ, വന്ദേ ഭാരത് കടന്നു പോകാൻ കുമ്പളത്ത് ഇരുപത് മിനിട്ടിലധികവും ആലപ്പുഴ - എറണാകുളം സ്പെഷലിനായി ഇരുപത് മിനിട്ടും പിടിക്കുന്നതോടെ ഈന്നും ട്രെയിൻ ആലപ്പുഴയിലെത്താൻ വൈകുന്നതായും ആരോപണങ്ങളുണ്ടായിരുന്നു.
പുതുതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റു വണ്ടികളെല്ലാം ഏറെ സമയം പിടിച്ചിടുന്നത് വൈകിയോടലിന് പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ട്രെയിനുകളിലെ വന്‍തിരക്കും വൈകിയോടലും കാരണം ദിവസവും ജനങ്ങൾ വലയുകയാണെന്നും കേരളത്തിലെ ട്രെയിൻ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം.
കേരളത്തിന് പുറമെ, തിരുനെൽവേലി - ചെന്നൈ വന്ദേഭാരത് മൂലം പാണ്ടിയൻ, പൊതിഗൈ, കന്യാകുമാരി, പേൾ സിറ്റി, നെല്ലായ് എക്സ്പ്രസ്സ് എന്നിവയെല്ലാം വൈകിയാണ് ഓടുന്നതെന്ന വാർത്തകളും ഉണ്ടായിരുന്നു.