KERALA

'ഉത്പന്നത്തിന്റെ നിർമാണം നിർത്തിയാലും സ്പെയർപാർട്‍‌സ് ലഭ്യമാക്കണം'; ഫ്രിഡ്ജ് കേടായ സംഭവത്തിൽ സാംസങ്ങിന് 96,000 രൂപ പിഴ

വെബ് ഡെസ്ക്

ഉല്‍പ്പന്നത്തിന്റെ നിർമാണം അവസാനിപ്പിച്ചാലും ആവശ്യമായ സ്പെയർ പാർട്‌സുകള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്തം കമ്പനികള്‍ക്കുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷന്‍. ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡറായിരുന്ന എറണാകുളം സ്വദേശി കീർത്തി എം കുര്യന്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.

ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് 96,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

2016 ജൂലൈയിൽ 72,000 രൂപ നൽകി സാംസങ് ഇലട്രോണിക്‌സ്ന്റെ ഡബിൾ ഡോർ റഫ്രിജറേറ്റർ പരാതിക്കാരൻ വാങ്ങി. എന്നാൽ 2021 മുതൽ റഫ്രിജറേറ്ററിന്റെ തണുപ്പിക്കൽ ശേഷിക്ക് തകരാർ സംഭവിച്ചു. തുടർന്ന് കമ്പനി നിയോഗിച്ച ടെക്‌നിഷ്യൻ പലതവണയായി പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ 15 ശതമാനം വിലക്കുറവോടെ പുതിയ ഫ്രിഡ്ജ് വാങ്ങാനുള്ള കൂപ്പൺ കമ്പനി നല്‍കി.

കമ്പനിയുടെ വാഗ്ദാനം പര്യാപ്തമല്ലാത്തതിനാലാണ് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. ഒരു വർഷത്തെ വാറന്റി കാലാവധി പൂർത്തിയായെന്നും റഫ്രിജറേറ്ററിന് നിർമാണപ്രശ്നങ്ങളില്ലെന്നും കമ്പനി കമ്മീഷനെ അറിയിച്ചു. ശ്രദ്ധാപൂർവം ഉപയോഗിക്കാത്തതാണ് തകരാറിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.

ഫ്രിഡ്ജ് റിപ്പയർ ചെയ്യാൻ കഴിയില്ലെന്നും സ്പെയർ പാർട്‌സുകള്‍ ലഭ്യമല്ലെന്നും കമ്മീഷന്‍ നിയോഗിച്ച വിദഗ്ധന്‍ റിപ്പോർട്ട് നൽകി.

"വലിയ വില കൊടുത്ത് ഉപഭോക്താവ് ഒരു ഉപകരണം വാങ്ങുന്നത് വാറന്റി കാലയളവിൽ മാത്രം ഉപയോഗിക്കാനല്ല. ഉൽപ്പന്നത്തിന്റെ ഏതെങ്കിലും ഘടകം പ്രവർത്തന രഹിതമായാൽ അത് മാറ്റി പ്രവർത്തനക്ഷമമാക്കാനുള്ള അവകാശം നിഷേധിക്കുകയും, കൂടിയ വിലകൊടുത്ത് പുതിയ ഉല്‍പ്പന്നം വാങ്ങാൻ കമ്പനി ആവശ്യപ്പെടുകയും ചെയ്യുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അധാർമിക വ്യാപാരരീതിയും ഇലക്ട്രോണിക് മാലിന്യങ്ങളുടെ വർധനവിന് ആക്കം കൂട്ടുന്ന പ്രവർത്തിയുമാണ്," കമ്മീഷന്‍ നിരീക്ഷിച്ചു.

ഫ്രിഡ്ജിന്റെ അഞ്ചുവർഷത്തെ പഴക്കം കണക്കിലെടുത്ത് കമ്പനി 36,000 രൂപ ഒരു മാസത്തിനകം ഉപഭോക്താവിന് നൽകണം. കൂടാതെ നഷ്ടപരിഹാരം, കോടതിച്ചെലവ് എന്നീ ഇനങ്ങളിൽ അറുപതിനായിരം രൂപയും, ഒന്‍പത് ശതമാനം പലിശയും എതിർകക്ഷി നൽകണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും