എം ബി രാജേഷ് ഇന്ന് സ്പീക്കർ പദവി രാജിവെക്കും. ചൊവ്വാഴ്ച രാവിലെ 11മണിക്ക് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജേഷിന് പകരം എ എൻ ഷംസീറാണ് സ്പീക്കറാകുക. സ്പീക്കർ തിരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് മന്ത്രിസഭാ പുനഃസംഘടന വേണ്ടിവന്നത്. സ്പീക്കർ രാജിവെക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ വഹിക്കും.
പതിനഞ്ചാം കേരള നിയമസഭയില്‍ തൃത്താല നിയമസഭാ മണ്ഡലത്തെയാണ് എം ബി രാജേഷ് പ്രതിനിധീകരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച രാജേഷ്, സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായ എ എന്‍ ഷംസീര്‍ തലശ്ശേരിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എന്‍ ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.