KERALA

ഇരട്ട നരബലിക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; കൂടുതല്‍ തിരോധാന കേസുകള്‍ പരിശോധിക്കുന്നു

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. കൊച്ചി നഗര പരിധിയിലെ 14 തിരോധാന കേസുകള്‍ക്കൂടി സംഘം അന്വേഷിക്കും

വെബ് ഡെസ്ക്

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ കൊച്ചി നഗര പരിധിയിലെ 14 തിരോധാന കേസുകള്‍ക്കൂടി സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാളായിരിക്കും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

കാലടി, കടവന്ത്ര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. നഗര പരിധിയിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അസിസ്റ്റന്റ് കമ്മീഷ്ണര്‍ സി ജയകുമാര്‍, SHOമാരായ ബൈജു ജോസ്, അനൂപ് എന്‍ എ എന്നിവരും സംഘത്തിലുണ്ട്.

അതേസമയം ഇലന്തൂര്‍ ഇരട്ടബലി കേസില്‍ നിര്‍ണായകമായത് പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനെന്ന് അന്വേഷണ സംഘം. മുഖ്യപ്രതി ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും പോലീസ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ പലയിടത്തായി പല പേരുകളിലാണ് ഷാഫി താമസിച്ചതെന്നാണ് സംശയിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതതെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഷാഫി വ്യാജ ഫേസ്ബുക്ക് ഐഡികള്‍ ഉണ്ടാക്കിയതെന്നും കമ്മീഷണർ പറഞ്ഞു.

വ്യക്തിബന്ധം ഉണ്ടാക്കിയെടുത്തതിന് ശേഷം കുറ്റകൃത്യത്തിലേയ്ക്ക് കടക്കുകയാണ് ഷാഫിയുടെ രീതി. പതിനേഴ് വയസ് മുതല്‍ വീടുവിട്ട് കറങ്ങുന്ന ഷാഫി ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി. കോലഞ്ചേരി പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് ഇയാള്‍ കൊച്ചി നഗരത്തിലേയ്ക്ക് താമസം മാറ്റിയത്. പണമല്ല അമിത ലൈംഗിക ആസക്തിയാണ് ഷാഫിയെ നരബലിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ട്. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

അതേസമയം നിരീശ്വര വാദിയാണെന്ന തരത്തിലാണ് ഷാഫി തന്നോട് സംസാരിക്കാറുള്ളതെന്ന് ഷാഫിയുടെ സുഹൃത്ത് ബിലാല്‍ പറഞ്ഞു. ഷാഫി സ്ഥിരം മദ്യപാനിയാണെന്നും ബിലാല്‍ പ്രതികരിച്ചു. എന്നാല്‍ ഷാഫി ലൈംഗിക വൈകൃതമുള്ള ആളായി തോന്നിയിട്ടില്ലെന്നാണ് ഷാഫിയുടെ ഭാര്യ പ്രതികരിച്ചത്. പത്മത്തെ കാണാതായതിന്റെ തലേദിവസം ഷാഫി കടയില്‍ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഭഗവല്‍ സിങ് നല്ല വൈദ്യനാണെന്ന് ഷാഫി പറയാറുണ്ട്. ഷാഫി കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ച് വഴക്കുണ്ടാക്കി തന്നെ മര്‍ദിച്ചെന്നും ഭാര്യ വെളിപ്പെടുത്തി.

അതിനിടെ, നരബലി കേസില്‍ പ്രതികളെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ