KERALA

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാർക്ക് മുന്‍കരുതല്‍; പ്രത്യേക വാക്സിന്‍ വിതരണം തുടങ്ങി

വെബ് ഡെസ്ക്

മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍ക്ക് പേവിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരുന്നതിനിടെ ജീവനക്കാരില്‍ ചിലർക്ക് നായകളുടെ കടിയേറ്റ സാഹചര്യം കൂടി കണക്കിലെടുത്താണ് മുന്‍കരുതല്‍. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവെയ്പ്പിനുള്ള വിദഗ്ധ സമിതി പേവിഷ പ്രതിരോധ വാക്‌സിനേഷന് വേണ്ടിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നല്‍കിയിട്ടുണ്ട്. മുന്‍പ് കുത്തിവെയ്പ്പ് എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍ വിതരണം. മുന്‍പ് എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കുന്നത്. പൂജ്യം, ഏഴ്, 21 ദിവസങ്ങളിലായാണ് വാക്സിനെടുക്കേണ്ടത്. ശേഷം 21 ദിവസം കഴിഞ്ഞ് മാത്രമേ മൃഗങ്ങളുമായി ഇടപെടാവൂ എന്നാണ് നിർദേശം. ഭാഗികമായി വാക്‌സിനെടുത്തവരും വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും മൂന്ന് ഡോസ് വീതമെടുക്കണം.

നേരത്തെ വാക്‌സിന്‍ എടുത്ത, എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവർക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ജോലിക്ക് കയറുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ പൂജ്യം,മൂന്ന് ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കും. ഇവര്‍ റീ എക്‌സ്‌പോഷര്‍ വിഭാഗത്തിലാണ് വരിക.

നിലവില്‍ വാക്‌സിന്‍ ലഭ്യമായിട്ടുള്ള ആശുപത്രികളില്‍ വേസ്‌റ്റേജ് ഒഴിവാക്കാന്‍ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വിതരണം. ഒരു വയല്‍ കൊണ്ട് 10 പേര്‍ക്ക് വരെ വാക്‌സിന്‍ എടുക്കാം. ഒരാള്‍ക്ക് 0.1 എംഎല്‍ വീതമാണ് നല്‍കുന്നത്.

എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കായി സ്‌പെഷ്യല്‍ വാക്‌സിനേഷനായി പരിശീലനം നല്‍കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 'ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത' എന്ന ക്യാമ്പയിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും