KERALA

ശമ്പളം 15,000ത്തിലേക്ക് ഉയര്‍ത്താന്‍ ധാരണ; സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

വെബ് ഡെസ്ക്

തൊഴിലിന് മാന്യമായ കൂലി വേണമെന്ന ആവശ്യവുമായി സര്‍വ ശിക്ഷാ അഭിയാന്‍ ആസ്ഥാനത്തിന് മുന്നില്‍ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം ഒത്തുതീര്‍പ്പായി. സമരക്കാര്‍ ഉന്നയിച്ച വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ പാര്‍ട്ട് ടൈം ആയി ഉപയോഗിക്കാമെന്നും ശമ്പളം 15,000 ആയി വര്‍ദ്ധിപ്പിക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പതിനായിരം രൂപയാണ് സ്പെഷലിസ്റ്റ് അധ്യാപകര്‍ക്ക് നിലവില്‍ ശമ്പളമായി ലഭിക്കുന്നത്. 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിച്ചാണ് സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കുന്നത്. ഇപ്പോള്‍ സംസ്ഥാന വിഹിതം അനുവദിക്കുന്നില്ല എന്നായിരുന്നു അധ്യാപകരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 18ന് ആരംഭിച്ച അധ്യാപക സമരം 38 ദിവസം പിന്നിടുന്നതിനിടെയാണ് ഒത്തുതീര്‍പ്പായത്.

പതിനായിരം രൂപയാണ് സ്പെഷലിസ്റ്റ് അധ്യാപകര്‍ക്ക് നിലവില്‍ ശമ്പളമായി ലഭിക്കുന്നത്.

13,200 രൂപ ശമ്പളത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുവാനുള്ള പിഎഫ് വിഹിതമായ 1800 രൂപയും കൂടി ചേര്‍ത്ത് 15,000 രൂപ ശമ്പളം നല്‍കാമെന്നാണ് വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. പുതിയ ശമ്പള വർധനവ് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വരും.

സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി രണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കണം. മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആര്‍സികളില്‍ പ്ലാന്‍ മീറ്റിംഗില്‍ പങ്കെടുക്കണം എന്നിങ്ങനെയാണ് മറ്റ് നിര്‍ദേശങ്ങള്‍.

സ്പെഷ്യലിസ്റ്റ് ടീച്ചമാര്‍ ഉന്നയിച്ച മറ്റു വിഷയങ്ങള്‍ മൂന്ന് മാസത്തിനകം പരിഹാരം കാണും.  പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം എന്നിങ്ങനെയാണ് മറ്റ് ധാരണകള്‍. അതേസമയം, ഇപ്പോഴത്തെ തീരുമാനങ്ങളില്‍ പൂര്‍ണ്ണതൃപ്തര്‍ അല്ലെങ്കിലും ചര്‍ച്ചയിലെ ഉപാധികള്‍ അംഗീകരിക്കുന്നുവെന്നും സമരം പിന്‍വലിക്കുന്നുവെന്നും സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അറിയിച്ചു.

2016ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2600 സ്പെഷ്യലിസ്റ്റ് അധ്യാപകരെ സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ നിയമിച്ചത്. കലാ-കായിക- പ്രവർത്തി പരിചയ അധ്യാപകരാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ. തലസ്ഥാനത്ത് സർവ ശിക്ഷാ അഭിയാൻ ആസ്ഥാനത്തിന് മുന്നിൽ ഈ മാസം 18ന് ആരംഭിച്ച അധ്യാപക സമരം  ആരംഭിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും