കൈപ്പറ്റാത്ത തുകയ്ക്ക് കായികതാരങ്ങള്‍ കണക്കുകള്‍ നല്‍കണമെന്ന ആവശ്യവുമായി കായികവകുപ്പ്. 38 കായിക താരങ്ങള്‍ക്കാണ് കായിക യുവജനകാര്യാലയം ഡയറക്ട്രേറ്റില്‍ നിന്ന് കത്ത് അയച്ചത്. അവശത അനുഭവിക്കുന്ന കായിക താരങ്ങള്‍ക്ക് 7,500 രൂപ മുതല്‍ 10,000 രൂപവരെ താല്‍ക്കാലിക ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2021 മുതലാണ് ഇത്തരത്തില്‍ പണം നല്‍കാന്‍ തീരുമാനിച്ചത്. ഇത് ലഭിക്കാനായി കായിക താരങ്ങള്‍ കായിക-യുവജനകാര്യാലയം ഡയറക്ട്രേറ്റില്‍ അപേക്ഷ നല്‍കണം. രേഖകള്‍ പരിശോധിച്ച ശേഷം തുക കായികതാരങ്ങള്‍ക്ക് ബാങ്ക് അകൗണ്ടില്‍ നല്‍കുന്നതാണ് രീതി. എന്നാല്‍ ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് അപേക്ഷ പോലും നല്‍കാത്തവര്‍ക്കാണ് നിലവില്‍ തുക അനുവദിച്ചിരുന്നതായും, അത് ചെലവഴിച്ചതിന്റെ കണക്കും ചോദിച്ച് കായിക-യുവജനകാര്യായം ഡയറക്ട്രേറ്റില്‍ നിന്നും കത്ത് അയച്ചിട്ടുള്ളത്.
38 കായിക താരങ്ങള്‍ക്കാണ് കായിക യുവജനകാര്യാലയം ഡയറക്ട്രേറ്റില്‍നിന്ന് കത്ത് അയച്ചത്
സഹായമായി ലഭിച്ച തുക ചിലവഴിച്ചതിന്റെ വിശദമായ ബില്ല് സഹിതം കായിക താരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കായിക യുവജനകാര്യാലയം ഡയറക്ടര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. 38 കായിക താരങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുള്ളത്. 2021 മാര്‍ച്ച് 27, 29, 2022 മാര്‍ച്ച് 27 എന്നീ ദിവസങ്ങളില്‍ തുക അയച്ചതായാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ സഹായം ആവശ്യപ്പെടുകയോ, അക്കൗണ്ടില്‍ പണം ലഭിക്കുകയോ ചെയ്യാത്തവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന പരാതിയുമായി ഭൂരിഭാഗം പേരും രംഗത്തെത്തിയിട്ടുണ്ട്.
ദേശീയ ജൂനിയര്‍ മീറ്റില്‍ മൂന്നാം സ്ഥാനം ലഭിച്ച അനുഗ്രഹയ്ക്കും നോട്ടീസ് ലഭിച്ചു. എന്നാല്‍ ഇത്തരമൊരു സഹായം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, 2021 മാര്‍ച്ചില്‍ ലഭിച്ച 15,000 രൂപ ദേശീയ ജൂനിയര്‍ മീറ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ സമ്മാനത്തുകയാണെന്നും അനുഗ്രഹ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.
ലോങ് റൈസ് ദേശീയ താരമായ വയനാട് സ്വദേശി ആകാശിനും സമാനമായ കത്ത് ലഭിച്ചു. പക്ഷേ തുക തന്റെ ബാങ്ക് അകൗണ്ടിലേയ്ക്ക് എത്തിയിട്ടില്ലെന്നും, ബാങ്കിലെത്തി സ്റ്റേറ്റ്‌മെന്റ് വിശദമായി പരിശോധിച്ചതായും ആകാശും ദി ഫോര്‍ത്തിനോട് പറഞ്ഞു.
ആരോപണങ്ങളോട് പ്രതികരിക്കാതെ കായിക വകുപ്പ്
അവശത അനുഭവിക്കുന്ന കായിക താരങ്ങള്‍ക്കുള്ള തുക മറ്റാരെങ്കിലും അപഹരിച്ചൊ എന്നകാര്യം പരിശോധിക്കണമെന്നും, 2017 ന് ശേഷം ദേശീയ മീറ്റില്‍ വിജയിച്ച പല കായിക താരങ്ങള്‍ക്കും സമ്മാന തുകപോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്നും പരിശീലകന്‍ പ്രമോദ് കുന്നുംപുറത്ത് ആരോപിച്ചു. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കായിക വകുപ്പ് തയ്യാറായില്ല. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ കത്ത് അയക്കാനും, പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും കായിക-യുവജനകാര്യാലയത്തില്‍ ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു.