KERALA

കരുതലിന്റെ ആള്‍രൂപം: നിഴലായിരുന്ന ശ്രീകുമാറിന്റെ ഓര്‍മയിലെ ഉമ്മന്‍ ചാണ്ടി

ദ ഫോർത്ത് - കോട്ടയം

ഉമ്മന്‍ ചാണ്ടിയുടെ നിഴലായിരുന്നു ശ്രീകുമാര്‍. ഊണിലും ഉറക്കത്തിലും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവിന് സംരക്ഷണം ഒരുക്കിയ വിശ്വസ്തനായ ഗണ്‍മാന്‍. പുതുപ്പള്ളിക്കാരനായ ഈ റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് അയവിറക്കാന്‍ ഒരുപാട് ഓര്‍മകളുണ്ട് ഉമ്മന്‍ചാണ്ടിയെ കുറിച്ച്.

ആരോഗ്യവാനായി കേരളത്തിലുടനീളം ഓടി നടന്ന മുഖ്യമന്ത്രിയുടെ സ്പീഡിനൊപ്പം എത്താന്‍ കഷ്ടപ്പെട്ടിരുന്ന നാള്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടി തുടങ്ങിയ കാലം വരെ ശ്രീകുമാര്‍, ഉമ്മന്‍ ചാണ്ടിയുടെ ഒപ്പമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ചിരുന്നയാളും ശ്രീകുമാറാണ്. പക്ഷെ, അവസാന നിമിഷം കൂടെ ഉണ്ടാകാനായില്ലെന്ന വിഷമത്തിലാണ് അദ്ദേഹം.

2004 ലാണ് ശ്രീകുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായി എത്തുന്നത്. അന്നുമുതല്‍ 2022 വരെ ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങുബോള്‍ താങ്ങായി സുരക്ഷയൊരുക്കി ശ്രീകുമാറും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം ഒരു ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു ശ്രീകുമാറിന് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്തിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടതെന്ന് ശ്രീകുമാര്‍ പറയുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ കാലത്ത് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് അദേഹത്തെ സംരക്ഷിച്ചത്. യുഎന്‍ അവാര്‍ഡ് സ്വീകരിച്ച് നാട്ടിലേക്ക് എത്തിയ അദ്ദേഹത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ സംരക്ഷണം ഒരുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒരിക്കല്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടികിട്ടി. അക്കാര്യത്തെ കുറിച്ച് അന്വേഷിക്കാനും സാന്ത്വനിപ്പിക്കാനും സമയം കണ്ടെത്തിയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായപ്പോള്‍ ശ്രീകുമാര്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു.

' കൂടെയുള്ളവരെ കരുതലോടെ ചേര്‍ത്ത് പിടിച്ചിരുന്ന നേതാവ്. ഭക്ഷണം കഴിക്കാന്‍ പോലും സമയം പാഴാക്കില്ലായിരുന്നു അദ്ദേഹം. എന്നാല്‍ ഞാനടക്കം കൂടെയുള്ള എല്ലാവരുടേയും കാര്യങ്ങള്‍ സര്‍ നോക്കിയിരുന്നു. സ്റ്റേജുകളിലേക്ക് പരിപാടികള്‍ക്കായി കയറുമ്പോള്‍ കൂടെയുള്ള ഉദ്യോഗസ്ഥരോട് ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. വാഹനത്തിലുള്ള യാത്രകള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. വീട്ടിലുള്ളവരുടെ കാര്യങ്ങളടക്കം അദ്ദേഹം അന്വേഷിച്ചിരുന്നു,'' ശ്രീകുമാര്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും