KERALA

ഗുരുവിന്റെ ശിഷ്യൻ കേശവന്‍ വൈദ്യരുടെ ചന്ദ്രിക സോപ്പിനാവില്ല, സവര്‍ണ രക്ഷാകര്‍തൃത്വം കഴുകിക്കളയാന്‍

ദുർഗന്ധമുള്ള, മൂക്കൊലിപ്പിക്കുന്ന, തലയിൽ പേനുള്ള, വൃത്തിയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെടുന്ന എല്ലാ മനുഷ്യരെയും സവർണർ ഒരു ടവ്വൽ കൊണ്ടെങ്കിലും അതിരിട്ട് മാറ്റിനിർത്തും

ജിഷ്ണു രവീന്ദ്രൻ

ഒരു ചന്ദ്രിക സോപ്പുപയോഗിച്ച് കഴുകിക്കളയാനാകുമോ ജാതി? ജാതി മനസ്സിലാക്കുന്നതിൽ ഒരാളുടെ പരിമിതിയാണ് ഈ ചിന്ത. വി കെ ദീപ എഴുതിയ അനുഭവക്കുറിപ്പ് ചർച്ചയാകുമ്പോൾ, പ്രതലങ്ങളിൽനിന്ന് ജാതിയെ മനസിലാക്കിയെന്ന് നടിക്കുന്ന ഒരുപറ്റം ആളുകളുടെ രക്ഷാകർതൃ മനോഭാവം കൂടിയാണ് വെളിവാകുന്നത്. മിനിയെന്ന ദളിത് വിദ്യാർത്ഥിയോട് അനുകമ്പ തോന്നുകയും ചന്ദ്രിക സോപ്പും തലയിലെ പേൻ ചീകാനുള്ള ചീർപ്പും കൊടുത്ത സംഭവം അഭിമാനത്തോടെ പറയുന്ന ഒരാൾക്ക് നിശ്ചയമായും മറ്റൊരാൾക്ക് മുകളിൽ താൻ സ്ഥാപിക്കുന്ന അധികാരം എന്താണെന്ന് മനസിലാക്കാൻ സാധിക്കില്ല.

കുട്ടിക്കാലത്ത് സ്വന്തം സഹപാഠിയോട് അപക്വമായി പെരുമാറിയതിന്റെ അനുഭവമെന്ന നിലയ്ക്ക് നിഷ്കളങ്കമായി അവതരിപ്പിച്ച ഈ കാര്യങ്ങൾ അത്ര നിഷ്കളങ്കമല്ലെന്ന് മനസിലാക്കേണ്ടതുണ്ട്. ഈ ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾക്കുള്ള വിശദീകരണമെന്ന നിലയിൽ എഴുതിയ രണ്ടാമത്തെ കുറിപ്പിലും വി കെ ദീപ തന്റെ രക്ഷാകർതൃബോധം കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ദുർഗന്ധമുള്ള, മൂക്കൊലിപ്പിക്കുന്ന, തലയിൽ പേനുള്ള, വൃത്തിയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെടുന്ന കീഴാളജാതിയിൽ പെടുന്ന എല്ലാ മനുഷ്യരെയും സവർണർ വി കെ ദീപ ചെയ്തതുപോലെ ഒരു ടവ്വൽ കൊണ്ടെങ്കിലും അതിരിട്ട് മാറ്റിനിർത്തും. മിനി ശരിയാക്കിയ കണക്ക് പകർത്തിവച്ച് അധ്യാപകനെ കാണിച്ച് തന്നെ മാറ്റിയിരുത്തണമെന്ന് അപേക്ഷിച്ച വി കെ ദീപ, മിനിയോട് തോന്നുന്ന അറപ്പിൽനിന്ന് ആശ്വാസം ലഭിക്കാനുള്ള അവസാന മാർഗമായാണ് അമ്മ നൽകുന്ന ചന്ദ്രികാ സോപ്പും പേൻ ചീപ്പും കൊണ്ടുകൊടുക്കുന്നത്. കാലങ്ങളായി സവർണർ മുഴുവൻ ജാതിയെ ബന്ധിപ്പിക്കുന്ന കാര്യമാണ് വൃത്തി. ജാതിയല്ല വൃത്തിയാണ് പ്രശ്നമെന്ന് പറയുന്ന മുഴുവൻ സവർണരും വൃത്തിയിലൂടെ കണ്ടത് അപ്പുറത്തുള്ള ആളുടെ ജാതി തന്നെയാണ്.

കാലങ്ങൾക്കുശേഷം മിനിയെ ആശുപത്രിയിൽ കണ്ടുമുട്ടിയ വി കെ ദീപ ചന്ദ്രികാ സോപ്പിന്റെ മണം കാരണം തിരിച്ചുചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "നീ ഇപ്പഴും ചന്ദ്രിക സോപ്പ് തന്ന്യാ?" എന്ന്. ക്ലാസ്സിലെ കുട്ടികളിൽനിന്ന് നേരിട്ടിരുന്ന ജാത്യാധിക്ഷേപത്തിൽനിന്ന് ചന്ദ്രിക സോപ്പ് നൽകി രക്ഷിച്ച എഴുത്തുകാരി, ആ ചന്ദ്രിക സോപ്പിൽ ഇപ്പോഴും അഭിമാനിക്കുന്നുണ്ടെന്ന് കാണിക്കുന്ന ഈ സന്ദർഭത്തിലാണ് സഹതാപം ഊറിക്കൂടിയ എല്ലാ സവർണരും കീഴ്ജാതികളിൽ പെടുന്ന ആളുകളോട് കാണിക്കുന്ന രക്ഷാകർതൃത്വം പുറത്തുവരുന്നത്.

ജാതിയിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയായി ചന്ദ്രിക സോപ്പിനെ കാണുമ്പോൾ, ചന്ദ്രികയുടെ സ്ഥാപകനായ സി ആർ കേശവൻ വൈദ്യരെന്ന ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനെക്കുകുറിച്ചുകൂടി മനസിലാക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിന്റെ വിരോധാഭാസം മനസിലാക്കാൻ അത് സഹായിക്കും.

ഗുരുവായൂർ വൈക്കം സത്യാഗ്രഹങ്ങളിൽ സജീവസാന്നിധ്യമായി സി ആർ കേശവൻ വൈദ്യരുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായതുകൊണ്ടു തന്നെ തന്റെ കൈവശമുള്ള വൈദ്യം എങ്ങനെ പൊതുജനങ്ങൾക്കുപകാരപ്പെടുന്ന രീതിയിൽ ജനകീയമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചതിന്റെ ഫലമാണ് ചന്ദ്രിക. അങ്ങനെ ഒരു മനുഷ്യൻ കാലങ്ങളോളം ബസിന്റെ പുറകിലെ ഇനിയിലും മറ്റും തൂങ്ങിപ്പിടിച്ച് കടകൾ തോറും കൊണ്ടുനടന്ന് വിറ്റ ഒരു സോപ്പിന് ഈ ദുര്യോഗമുണ്ടായെന്നത് കഷ്ടമാണ്. എസ് എൻ ട്രസ്റ്റിലൂടെ കേരളത്തിലെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച്, കേരളത്തിന്റെ വൈജ്ഞാനികതയിൽ വലിയ തോതിൽ ഇടപെട്ട വ്യക്തികൂടിയായ സി ആർ കേശവൻ വൈദ്യർ സ്ഥാപിച്ച ചന്ദ്രിക സോപ്പാണ് ഇപ്പോൾ ദളിതർക്കു മുകളിൽ സവർണർ സഹതാപത്തോടെ സ്ഥാപിക്കുന്ന രക്ഷാകർതൃത്വത്തിന്റെ ചിഹ്നമാകുന്നത്.

"നിന്നെ നേരെയാക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ," എന്ന് പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് ആരംഭിക്കുന്നത്. വി കെ ദീപയെ നേരെയാക്കാൻ അധ്യാപകൻ ഒരു ദളിത് വിദ്യാർഥിയുടെ അടുത്തിരുത്തി. എന്നാൽ കുറിപ്പിലുടനീളം തെളിഞ്ഞുകാണുന്നത് മിനിയെ നേരെയാക്കാൻ നോക്കുന്ന വി കെ ദീപയെയാണ്. ദളിത് രക്ഷാകർതൃത്വത്തിന്റെ പരകോടിയിലാണ് ഒടുവിലെഴുതിയ വിശദീകരണക്കുറിപ്പും പുറത്തുവരുന്നത്. അതിൽ ഒരു വരി ഇങ്ങനെ" "ചിലപ്പോൾ സാമ്പത്തിക ഞെരുക്കത്താൽ ഒരു സോപ്പുവാങ്ങി കഷ്ണങ്ങളാക്കി ഉപയോഗിച്ചിരുന്ന ഞങ്ങളുടെ വീട്ടിൽനിന്ന് ഒരു സോപ്പ് മുഴുവനായും അവൾക്ക് കൊടുത്തത് അവളുടെ ജാതി നോക്കിയല്ല."

ഒരു സോപ്പ് മുഴുവനായും ദളിത് കുട്ടിക്ക് കൊടുക്കാൻ വി കെ ദീപയുടെ കുടുംബം കാണിച്ച മഹാമനസ്കതയുടെ പേരാണ് രക്ഷാകർതൃത്വം. ആ മഹാമനസ്കതയിൽ അവർ ഇപ്പോഴും അഭിമാനിക്കുന്നുണ്ടെങ്കിൽ ജാതിയെ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് തന്നെ മനസിലാക്കണം.

അശ്രദ്ധമായി വരുന്ന കുട്ടികളെ തന്റെ ബാഗിലുള്ള ചീപ്പും മുടികെട്ടുന്ന റിങ്ങും പൗഡറും വച്ച് ഭംഗിയിൽ ഒരുക്കി ക്ലാസിൽ ഇരുത്താറുണ്ടെന്ന് വി കെ ദീപ പറയുമ്പോൾ നിഷ്കളങ്കമായി തോന്നുന്നവർക്ക് ഈ ഭംഗിയാക്കൽ ഒരു കുട്ടിയോട് കാണിക്കുന്ന ക്രൂരതയാണെന്ന് മനസിലാക്കാൻ സാധിക്കില്ല. അത് സാധിക്കാത്തിടത്തോളം കാലം ജാതീയതയുടെ പ്രതലങ്ങളിൽനിന്ന് അകത്തേക്ക് ചലിക്കാനും സാധിക്കില്ല.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം