പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ മാറ്റി. സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരായാണ് പുതിയ നിയമനം. വി ആര്‍ കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതിനെതിരെ പ്രതിപക്ഷവും മാധ്യമ പ്രവർത്തകരുമടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയായിരുന്നു. കാലവര്‍ഷക്കെടുതി നേരിടുന്ന സമയത്ത് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക ഈ സാഹചര്യത്തിൽ വെല്ലുവിളിയാണ്. നെഹ്‌റു ട്രോഫി വള്ളം കളി അടുത്തിരിക്കെ ശ്രീറാം സ്ഥാനത്ത് തുടരുന്നത് മേളയുടെ നടത്തിപ്പിനെയും ബാധിക്കുമെന്ന് സ്ഥിതിയായി. കെ എം ബഷീറിന്‍റെ കുടുംബത്തിന്‍റെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തോടൊപ്പം ഈ സാഹചര്യങ്ങളും നിലപാട് മാറ്റത്തിന് കാരണമായത്.
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. സംഭവത്തെത്തുടര്‍ന്ന് സംസ്‌പെന്‍ഷനിലായിരുന്നു ശ്രീറാമിനെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലുള്‍പ്പെടെയാണ് നേരത്തെ ശ്രീറാമിനെ നിയമിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. തൊട്ടടുത്ത ദിവസം ചുമതലയേൽക്കുകയും ചെയ്തു. ഇതോടെ ശ്രീറാമിന്റെ നിയമനത്തിനെതിരെ കെ എം ബഷീറിന്റെ കുടുംബവും മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കി.
സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി ഇരിക്കുന്ന ആള്‍ ഓരോ ഘട്ടത്തിലും ചില ചുമതലകള്‍ വഹിക്കേണ്ടി വരും എന്നായിരുന്നു ശ്രീറാമിന്റെ നിയമനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.