മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകളില്ലെന്ന് ഹർജിയിൽ ശ്രീറാം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടുന്നു.
പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി ഹൈക്കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ഒഴിവാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. മദ്യ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ശ്രീറാമിനെതിരെ നിലനിൽക്കില്ലെന്ന് ഹെക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ടാം പ്രതി വഫക്കെതിരെ സെഷൻസ് കോടതി നിലനിർത്തിയ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിന് തിരുവനന്തപുരം മ്യൂസിയം വെള്ളയമ്പലം റോഡിൽ ശ്രീറാമും വഫയും സഞ്ചരിച്ച കാറിടിച്ചാണ് കെ എം ബഷീർ മരിച്ചത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത്തിലുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
കുറ്റവിമുക്തനാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമാൻ നൽകിയ ഹർജിയിൽ അഡീ. സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കുകയായിരുന്നു. വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റാനും നിർദേശിച്ചു. തുടർന്നാണ് നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.