സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എന്‍എസ്എസ് സുപ്രീം കോടതിയില്‍. എയ്ഡഡ്, ഹോമിയോ മെഡിക്കല്‍ കോളേജ് സീറ്റ് തര്‍ക്കത്തിലാണ് സര്‍ക്കാരുമായുള്ള എന്‍എസ്എസിന്റെ നിയമയുദ്ധം. എന്‍എസ്എസിന് അവകാശപ്പെട്ട സീറ്റുകള്‍ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എയ്ഡഡ് മെഡിക്കല്‍ കോളേജുകളെയും അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് എന്‍എസ്എസ്
കേരളസര്‍ക്കാരും എന്‍എസ്എസും തമ്മിലുള്ള 1995 ലെ കരാര്‍ പ്രകാരം ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ എന്‍എസ്എസിന് അവകാശപ്പെട്ടതാണ്. പിന്നീട് 2017 ല്‍ സംസ്ഥാനം മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കുന്നതായിരുന്നു നിയഭേദഗതി. ഇതിനെതിരെ എന്‍എസ്എസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി സര്‍ക്കാരിന് അനുകൂലമായതിന് പിന്നാലെയാണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്‍എസ്എസിന് അവകാശപ്പെട്ട സീറ്റുകള്‍ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ നിയമഭേഗതി കൊണ്ടുവന്നത് എന്നാണ് ഹര്‍ജിയിലെ ആരോപണം. എയ്ഡഡ് മെഡിക്കല്‍ കോളേജുകളെയും അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.