കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള തെരുവ് നായ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ. ജില്ലയിലെ അക്രമകാരികളായ തെരുവ്‌നായകളെ കൊല്ലാനുള്ള അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ വേണ്ട ഇടപെടൽ ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നതിൽ കൂടുതൽ കുട്ടികളാണെന്ന് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു.
വന്ധ്യംകരിച്ചാലും പേവിഷബാധാ കുത്തിവയ്പ്പുകള്‍ എടുത്താലും വീണ്ടും അവയെ തെരുവിലാണ് തിരിച്ചെത്തിക്കുന്നത്. ഭക്ഷണത്തിനും പാർപ്പിടത്തിനും ശരിയായ മാർഗങ്ങളില്ലാത്തത് അവ അക്രമാസക്തരാകാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് കമ്മീഷന്‍
കണ്ണൂരിൽ പതിനൊന്നുകാരനായ നിഹാലിനെ തെരുവ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ് നായകള്‍ അക്രമിച്ചത്. എന്നാൽ, വിഷയത്തിൽ വേണ്ട നടപടികൾ എടുക്കുകയോ ഹർജി തീർപ്പാക്കുകയോ ചെയ്തിരുന്നില്ല. പിന്നാലെയാണ്, സംസ്ഥാനത്ത് 2019 മുതല്‍ 2023 വരെയുള്ള തെരുവ് നായ ആക്രമങ്ങളുടെ കണക്ക് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. 2019 ല്‍ 5794 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കില്‍, 2022 ല്‍ ഇത് 11776 ആയി ഉയർന്നു. ഈ വർഷം ജൂണ്‍ 19 വരെ 6276 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലധികവും കുട്ടികളാണ്. അതിനാല്‍, വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും തെരുവ് നായകളുടെ എണ്ണം കുറയ്ക്കാന്‍ അവയെ കൊല്ലുകയോ മറ്റെവിടേക്കെങ്കിലും മാറ്റി പാർപ്പിക്കുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
'തെരുവ് നായകളെ വന്ധ്യംകരിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻപോട്ട് വച്ചിട്ടുണ്ടെങ്കിലും വിഷയം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വന്ധ്യംകരിച്ചാലും പേവിഷബാധാ കുത്തിവയ്പ്പുകള്‍ എടുത്താലും വീണ്ടും അവയെ തെരുവിലാണ് തിരിച്ചെത്തിക്കുന്നത്. ഭക്ഷണത്തിനും പാർപ്പിടത്തിനും ശരിയായ മാർഗങ്ങളില്ലാത്തത് അവ അക്രമാസക്തരാകാനുള്ള സാധ്യത ഇരട്ടിയാക്കും. അതിനാൽ, ജനങ്ങളുടെ സുരക്ഷയ്ക്കായി അവയെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റണം' കമ്മീഷൻ അപേക്ഷയിൽ പറഞ്ഞു.
തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കാൻ പ്രാദേശിക തലത്തിൽ വേണ്ട നടപടികൾ എടുത്തിട്ടും തെരുവ് നായ ആക്രമണവും റോഡപകടങ്ങളും ഉണ്ടാകുന്നതായി ജില്ലാ പഞ്ചായത്ത് അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് ബിജു പി രാമൻ മുഖേന സമർപ്പിച്ച ഇടക്കാല ഹർജിയിൽ പഞ്ചായത്ത് അറിയിച്ചു. 2001ലെ ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങളും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നത്തിലെ വ്യവസ്ഥകളും പാലിച്ചുകൊണ്ട്, തെരുവ് നായ വിഷയം കൈകാര്യം ചെയ്യണെമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയ 2015ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. മുന്‍പ് സംസ്ഥാന സർക്കാരും സുപ്രീം കോടതിക്ക് മുന്‍പാകെ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.