സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്. ഇനി മുതല്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. നേരത്തെ ഇത് 25 ലക്ഷം രൂപയായിരുന്നു. ധന അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച നിര്‍ദേശം ട്രഷറി ഡയറക്ടര്‍ക്ക് കൈമാറി.
സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ശമ്പള വിതരണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. എന്നാൽ പെൻഷനും ശമ്പളവും ഉൾപ്പെടെയുള്ള സർക്കാരിന്റെ ദൈനംദിന വ്യവഹാരങ്ങക്ക് നിയന്ത്രണം ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം പിഡബ്ല്യൂഡി അടക്കം കോൺട്രാക്ട് വർക്കുകളുടെ ബില്ലുകൾ പാസാക്കാൻ നിയന്ത്രണം വരുന്ന സാഹചര്യത്തിൽ കൂടുതല്‍ സമയമെടുക്കും. നിയന്ത്രണം ഏർപ്പെടുത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ വേഗത കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. പുതിയ ബജറ്റിലെ നികുതി നിർദേശങ്ങൾ ഉൾപ്പെടെ പ്രാബല്യത്തിൽ വരുന്ന ഘട്ടത്തിൽ നിയന്ത്രണങ്ങൾക്ക് അയവ് കൊണ്ടുവരാം എന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ
പിന്‍വലിക്കാവുന്ന തുക 10 ലക്ഷം ആക്കിയതോടെ ട്രഷറികളില്‍ വലിയ തുക നിക്ഷേപിച്ചവര്‍ ആശങ്കയിലാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ട ശേഷം പരിധി ഉയര്‍ത്തി.