കേരള ഹൈക്കോടതി  
KERALA

സംസ്ഥാന വിജിലൻസിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാകും: ഹൈക്കോടതി

വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം

നിയമകാര്യ ലേഖിക

വിജിലൻസ് ആൻഡ് ആന്റ് കറപ്ഷൻ ബ്യൂറോയ്ക്ക് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് നിയമതടസം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസിന്റെ ഹർജിയിലാണ് ഉത്തരവ്.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1,85,000 രൂപ ഗ്രാമ സേവിക തിരിമറി നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ശാഖയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തിരിമറി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കോട്ടയം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയിരുന്നു. ഔദ്യോഗിക കൃത്യവിലോപം, കുറ്റകരമായ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗപ്പെടുത്തൽ, രേഖകൾ നശിപ്പിക്കൽ, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകൾ പ്രകാരം കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ കുറ്റപത്രവും ഫയൽ ചെയ്തു.

എന്നാൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുമുള്ള നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ജീവനക്കാരായ രണ്ട് മുതൽ നാല് വരെ പ്രതികൾക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ, സംസ്ഥാന വിജിലൻസിന് നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ജീവനക്കാർ കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ വിടുതൽ ഹർജി ഫയൽ ചെയ്തു. പ്രതികളുടെ വാദം ശരിവച്ച് വിജിലൻസ് സ്പെഷ്യൽ കോടതി ഗ്രാമീൺ ബാങ്ക് ജീവനക്കാരായ രണ്ട് മുതൽ നാല് വരെ പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കി. ഈ ഉത്തരവിനെതിരെ വിജിലൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെ കേസിൽ നിന്നും ഒഴിവാക്കിയുള്ള വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവ് റദ്ദാക്കി വിചാരണ നേരിടണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന് കീഴിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും അഴിമതിക്കും കൃത്യവിലോപത്തിനും എതിരെ നടപടി എടുക്കുക എന്നതാണ് സംസ്ഥാന വിജിലൻസിന്റെ ചുമതലയെന്ന് 2016ൽ മറ്റൊരു കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരായ കേസുകൾ സിബിഐയെയോ മറ്റ് ബന്ധപ്പെട്ട ഏജൻസികളെയോ അറിയിക്കേണ്ട ചുമതല മാത്രമേ സംസ്ഥാന വിജിലൻസിനുള്ളൂവെന്ന വിജിലൻസ് മാനുവലിലെ നിർദേശമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. ഇതുപ്രകാരം 2016ൽ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും (പെർ ഇൻക്യൂറിയം) ഹൈക്കോടതി വിലയിരുത്തി. അഴിമതി നിരോധന നിയമത്തിനും ക്രിമിനൽ നടപടി നിയമത്തിനും വിധേയമാണ് വിജിലൻസ് പ്രവർത്തിക്കേണ്ടത് എന്നും വിജിലൻസ് മാനുവൽ കേസന്വേഷണത്തിനുള്ള മാർഗനിർദ്ദേശം മാത്രമാണെന്നും ഹൈക്കോടതി വിലയിരുത്തി. വിജിലൻസിന് വേണ്ടി സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ എ രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ