ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നു. ശനിയാഴ്ച മാത്രം 440 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 26 ഭക്ഷണശാലകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 11 ഭക്ഷണശാലകളും ലൈസന്‍സ് ഇല്ലാതിരുന്ന 15 ഭക്ഷണശാലകളുമാണ് അടച്ചുപൂട്ടിയത്. പരിശോധനയ്ക്ക് പിന്നാലെ 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യവിഷബാധ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കുമ്പോഴും ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. കാസര്‍ഗോഡ് കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അഞ്ജുവെന്ന പെണ്‍കുട്ടിയുടെ മരണമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് കാസര്‍ഗോഡ് സ്വദേശി അഞ്ജു ഭക്ഷണം ഓർഡർ ചെയ്തത്. ഡിസംബർ 31നാണ് അഞ്ജു കുഴിമന്തി ഓൺലൈനില്‍ വാങ്ങി കഴിച്ചത്. ആദ്യം വീട്ടിന് സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. എന്നാല്‍ അഞ്ജുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സ് രശ്മിയും ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത് . സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് അൽഫാം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായത്. തുടര്‍ന്ന് ഡിസംബര്‍ 31ന്, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു രശ്മിയുടെ മരണം.