വിഴിഞ്ഞം തുറമുഖ സമരം കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടുമായി ലത്തീന്‍ അതിരൂപത. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്ന സര്‍ക്കുലര്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിച്ചു. തുറമുഖ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായെന്ന് പറയുന്നത് കള്ളമാണ്. 30 ശതമാനം പോലും നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ നെഞ്ചില്‍ ചവിട്ടിയാണ് വികസനം നടപ്പാക്കുന്നതെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നു. സമരത്തിനെതിരായ കോടതി വിധി നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
സമരത്തിന്റെ 20-ാം ദിവസമായ ഇന്ന് പ്രാർത്ഥനാ ദിനമായി ആചരിക്കുകയാണ്. തുറമുഖ കവാടത്തിൽ തന്നെ ഉപരോധം തുടരാനാണ് സമരസമിതിയുടെ പദ്ധതി. നാളെ നടക്കുന്ന ഉപവാസ സമരത്തിന് ആർച്ച് ബിഷപ്പ് നേതൃത്വം നല്‍കും. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് സർക്കുലർ. സമരം ആരംഭിച്ചത് മുതലുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് സമര സമിതി.
തുറമുഖ നിര്‍മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അദാനി ഗ്രൂപ്പും നിര്‍മാണ കമ്പനിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തടസപെടുത്തിയുള്ള സമരത്തിന് ആർക്കും അവകാശമില്ലെന്നാണ് കോടതിയുടെ നിലപാട്. പോലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.