മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ വിഴിഞ്ഞത്ത് തല്‍ക്കാലം സ്ഥിതി നിയന്ത്രണവിധേയം. ഇന്നലത്തേതിന് സമാനമായ സംഘര്‍ഷ സാഹചര്യമുണ്ടാകാതിരിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. സമീപ ജില്ലകളില്‍ നിന്നെല്ലാം പോലീസിനെ എത്തിച്ച് വിഴിഞ്ഞത്ത് വിന്യസിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് പോലീസ് നീക്കം.
അതിനിടെ സാഹചര്യം ചര്‍ച്ച ചെയ്യാനായി കളക്ടര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കും. മന്ത്രിമാരുള്‍പ്പെടെയുള്ളവരെ ചര്‍ച്ചയുടെ ഭാഗമാക്കാനാണ് നീക്കം. സമരസമിതിയും ലത്തീന്‍ അതിരൂപതയുമായി വ്യത്യസ്ത ചര്‍ച്ചകളും നടക്കും.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത ലിയോണ്‍, മുത്തപ്പന്‍, പുഷ്പരാജ്, ഷാജി എന്നിവരെ വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടണ്‍ റിമാന്‍ഡിലാണ്.
വിഴിഞ്ഞത്ത് സമാധാനം പുലരണമെന്ന് മാത്രമാണ് ലക്ഷ്യമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പേരേര പറഞ്ഞു. കളക്ടറുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രതികരണം. സഭാ നേതൃത്വം വിശ്വാസികളും സമര സമിതിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 36 പോലീസുകാര്‍ക്ക് പരുക്കേറ്റതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. ഇവരെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ എസ്‌ഐ ലോജി പി മണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ ഇന്നലെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളും തകര്‍ത്തു. നഗരത്തില്‍ നിന്ന് കൂടുതല്‍ പോലീസും ഉന്നത ഉദ്യോഗസ്ഥരും എത്തിയതിന് ശേഷമാണ് സമരക്കാരെ നിയന്ത്രിക്കാനായത്.