KERALA

ജനാധിപത്യ പ്രതിഷേധങ്ങളെ 'കുറ്റകൃത്യ'മാക്കുന്ന കോഴിക്കോട് എൻഐടി; വിദ്യാർഥിയുടെ സസ്പെൻഷനിൽ പ്രതിഷേധം

ക്യാംപസിൽ പ്ലക്കാർഡുകൾ ഉയർത്താൻ പാടില്ല. സംഘടിക്കാനോ മുദ്രാവാക്യങ്ങൾ മുഴക്കാനോ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണ് മാർഗനിർദേശങ്ങളെന്ന് വിദ്യാർഥികൾ

ജിഷ്ണു രവീന്ദ്രൻ

കോഴിക്കോട് എൻഐടിയിൽ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ നടന്ന ആഘോഷത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ. എൻഐടിയിൽ രൂപീകരിക്കപ്പെട്ട സയൻസ് ആൻഡ് സ്പിരിച്വാലിറ്റിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷപരിപാടിയെ വിമർശിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ബിടെക്ക് വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെൻഡ് ചെയ്തത്. പതിവില്ലാതെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതിൽ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ക്യാംപസിൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യത്യസ്ത സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, നടക്കാനിരുന്ന തത്വ, രാഗം പരിപാടികൾ മാറ്റിവച്ചെന്നറിയിച്ചുകൊണ്ട് എൻഐടി അധികൃതർ നോട്ടീസ് പുറപ്പെടുവിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിന്റെ തലേദിവസം ഇന്ത്യയുടെ കാവി നിറത്തിലുള്ള ഭൂപടത്തിൽ അമ്പും വില്ലും വരച്ച് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെ ആഘോഷമാക്കിയ ക്യാമ്പസിലെ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബിന്റെ പരിപാടിയിൽ നിന്നാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഈ പരിപാടിയെ എതിർത്തുകൊണ്ട് പ്രതിഷേധ സൂചകമായി ബിടെക്ക് വിദ്യാർഥിയായ വൈശാഖ് പ്രേംകുമാർ അടുത്ത ദിവസം (ഡിസംബർ 22) ക്യാമ്പസിന്റെ പ്രധാനകെട്ടിടത്തിന് മുന്നിൽ "ഇന്ത്യ രാമരാജ്യമല്ല" എന്നെഴുതിയ പ്ലക്കാർഡുമായി ഇരിക്കുകയായിരുന്നു. വൈശാഖിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി വിദ്യാർഥികൾ എത്തുകയും ചെയ്തു. ഈ പ്രതിഷേധത്തിലേക്കാണ് ഒരുകൂട്ടം വിദ്യാർഥികൾ ഓടിക്കയറുകയും പ്ലക്കാർഡുകൾ കീറിയെറിഞ്ഞ് ജയ് ശ്രീ രാം വിളിക്കുകയും ചെയ്തത്. സമാധാനപരമായി നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാർഥികൾ ഇടിച്ച് കയറിവന്ന് ജയ് ശ്രീ രാം വിളിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായതെന്നാണ് വിദ്യാർഥികൾ പറയുന്നത്.

സസ്പെൻഷൻ ഓർഡർ

നിരവധി വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കിലും വൈശാഖ് എന്ന വിദ്യാർഥിക്ക് നേരെ മാത്രമാണ് സ്ഥാപനം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ നിഗൂഢതയുണ്ടെന്ന് വിദ്യാർഥികൾ ദ ഫോർത്തിനോട് പറഞ്ഞു. സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ച മറ്റു വിദ്യാർഥികൾക്കെതിരെ യാതൊരു നടപടിയും സ്ഥാപനം എടുത്തിട്ടില്ല. സാധാരണ ഗതിയിൽ ഒരു സംഘർഷസമാനമായ സാഹചര്യമുണ്ടാകുകയും അതിന്മേൽ നടപടി സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ സംഭവം അന്വേഷിക്കാൻ എൻഐടി നിയോഗിക്കുന്ന സമിതിയിൽ വിദ്യാർഥി പ്രതിനിധികളുൾപ്പെടുന്ന സ്റ്റുഡന്റ് അഡ്വൈസറി കൗൺസിലിന്റെ പ്രതിനിധികളുണ്ടാകാറുണ്ട്. എന്നാൽ വൈശാഖിനെതിരെ നടപടിയെടുത്ത അന്വേഷണ സമിതിയിൽ അഡ്വൈസറി കൗൺസിൽ അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് സ്ഥാപനത്തിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആവർത്തിക്കുന്നു. ജനുവരി 24ന് രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈശാഖ് പ്രേംകുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സ്ഥാപനം പുറത്ത് വിടുന്നത് ജനുവരി 31നാണ്.

"ഇന്ത്യ രാമരാജ്യമല്ല" പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ

ആരും അറിയാത്ത സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ്

സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ് എന്ന കൂട്ടായ്മ എപ്പോൾ രൂപീകരിക്കപ്പെട്ടു എന്നും, എന്തിനാണ് അത്തരമൊരു ക്ലബ് രൂപീകരിച്ചതെന്നും മനസിലാകുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ശാസ്ത്രത്തെയും ദൈവീകതയെയും ഒരുമിച്ച് ചേർക്കുന്ന ഇത്തരമൊരു ക്ലബ് രൂപീകരിച്ചതിനു പിന്നിലെ ഉദ്ദേശങ്ങളിലും വിദ്യാർഥികൾക്ക് സംശയങ്ങളുണ്ട്. അത്തരമൊരു ക്ലബ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നില്ല എന്നും ആരാണ് ഇതിലെ അംഗങ്ങളെന്ന് ഇപ്പോഴും അറിയില്ല എന്നും വിദ്യാർഥികൾ ദ ഫോർത്തിനോട് പറഞ്ഞു. ജനുവരി 21ന് ക്ലബ്ബിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായാണ് കാവി നിറത്തിലുള്ള ഇന്ത്യയെ അവതരിപ്പിച്ചത്.

വൈശാഖ് ആണ് പ്രതിഷേധം ആരംഭിച്ചത് എന്നത് ശരിയാണ്. പക്ഷെ എല്ലാവരും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു പ്രതിഷേധം. അതിൽ അവസാനം അധികൃതർ വൈശാഖിനെ മാത്രം ലക്ഷ്യം വയ്ക്കുകയായിരുന്നു

ഒരാളെ മാത്രം ലക്ഷ്യംവച്ചുള്ള നടപടി

തുടർച്ചയായി വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർഥി സ്ഥാപനത്തിനെതിരായി പ്രവർത്തിക്കുന്നുണ്ടെന്നും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സമാനമായ രീതിയിൽ മുമ്പ് എബിവിപി പ്രവർത്തകർ ക്യാംപസിനകത്ത് പരിപാടി അവതരിപ്പിച്ചതിൽ വൈശാഖ് നടത്തിയ പ്രതിഷേധമാണ് മറ്റൊരു സംഭവമായി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നതെന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്.

അന്ന് എബിവിപി നേരിട്ട് സ്ഥാപനത്തിൽ കടന്നുകയറി മറ്റൊരു ക്ലബ്ബിന്റെ പേരിൽ പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വൈശാഖ് രംഗത്തെത്തിയിരുന്നത്. അന്ന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ക്ലബിന്റെ (ഇബിഎസ്ബി ക്ലബ്) പേരിലാണ് എബിവിപി പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്. അന്ന് വൈശാഖിന് വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പും അന്ന് വൈശാഖിന് നൽകിയിട്ടില്ല എന്ന് വിദ്യാർഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സമാനമായ രീതിയിൽ അന്നും ക്ലബ്ബിന്റെ പരിപാടിയുടെ വിവരങ്ങൾ വിദ്യാർഥികളെ അറിയിച്ചിരുന്നില്ല എന്നും സംഭവത്തിൽ പ്രതിഷേധമുയർന്നപ്പോൾ, വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നുമാണ് സ്ഥാപനം മറുപടി നൽകിയതെന്നും വിദ്യാർഥികൾ ഫോർത്തിനോട് പറഞ്ഞു.

"വൈശാഖ് ഒരു സമാധാനപരമായ പ്രതിഷേധമാണ് താല്പര്യപ്പെട്ടത്. നേരത്തെയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വൈശാഖ് അന്നെല്ലാം വളരെ സമാധാനപരമായിട്ടാണ് പ്രതിഷേധങ്ങൾ നടന്നിട്ടുള്ളത്" വിദ്യാർഥികൾ പറയുന്നു. വൈശാഖിന്റെ കൂടെ നിരവധി മലയാളി വിദ്യാർഥികളും പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായിരുന്നു എന്നും നോർത്ത് ഇന്ത്യക്കാരായ ഒരുകൂട്ടം വിദ്യാർഥികൾ ഇടിച്ചുകയറി വന്നതിലൂടെ അത് രണ്ട് സംഘങ്ങൾ തമ്മിലുള്ള ഉന്തും തള്ളുമായി മാറിയെന്നും വിദ്യാർഥികൾ പറയുന്നു.

ഭരണഘടനാവകാശങ്ങൾ അംഗീകരിക്കാത്ത മാർഗനിർദേശങ്ങൾ

വിദ്യാർഥികളുടെ ക്യാംപസിലെ ഇടപെടലുകളുടെ ബന്ധപ്പെട്ട എൻഐടി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നതും വൈശാഖിനെതിരെ നടപടിയെടുക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സ്ഥാപനം പുറപ്പെടുവിച്ച മാർഗനിർദേശം (സ്റ്റുഡന്റ് കോൺടെക്ട്) ഭരണഘടനാപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമായി കാണുന്നതാണെന്ന് വിദ്യാർഥികൾ പറയുന്നു. ഈ മാർഗനിർദേശങ്ങൾ അനുസരിച്ച് ക്യാംപസിൽ പ്ലക്കാർഡുകൾ ഉയർത്താൻ പാടില്ല. സംഘടിക്കാനോ മുദ്രാവാക്യങ്ങൾ മുഴക്കാനോ പാടില്ല. ഭരണഘടനാപരമായ ഈ അവകാശങ്ങൾ നിഷേധിക്കുന്നതാണ് മാർഗനിര്ദേശങ്ങളെന്ന് വിദ്യാർഥികൾ വിമർശനമായി ചൂണ്ടിക്കാണിക്കുന്നു.

വൈശാഖ് ആയിരുന്നു പ്രതിഷേധം ആരംഭിച്ചത് എന്നത് ശരിയാണ്. പക്ഷെ എല്ലാവരും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു പ്രതിഷേധമെന്നും അതിൽ അവസാനം വൈശാഖിനെ മാത്രം ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും വിദ്യാർഥികൾ പറയുന്നു. "വൈശാഖ് ഒരിക്കലും അക്രമം നടത്താൻ ശ്രമിച്ചിട്ടില്ല. അതിനുശ്രമിച്ചവർക്കെതിരെ സ്ഥാപനം നടപടിയുമെടുത്തിട്ടില്ല" വിദ്യാർഥികൾ പറയുന്നു.

സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്: ക്യാംപസിലെ പരിപാടികൾ മാറ്റിവച്ചതായി അറിയിപ്പ്

ക്യാംപസിൽ അനിഷ്ടസംഭവങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രശനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യത്യസ്ത സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, നടക്കാനിരുന്ന തത്വ, രാഗം പരിപാടികൾ മാറ്റിവച്ചെന്നറിയിച്ചുകൊണ്ട് ജനുവരി 22ന് തന്നെ എൻഐടി അധികൃതർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ക്യാംപസ് പരിപാടികൾ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചുകൊണ്ടുള്ള നോട്ടീസ്

സാമുദായിക ഐക്യം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്നാരോപിച്ച് വൈശാഖിനെതിരെ നടപടി സ്വീകരിക്കുകയും മുൻകരുതലായി ക്യാംപസ് പരിപാടികൾ മാറ്റി വയ്ക്കുകയും ചെയ്ത അധികൃതർ സംഘർഷത്തിന് കാരണക്കാരായ മറ്റു വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാതെ വൈശാഖിനെ മാത്രം എന്തുകൊണ്ട് ലക്ഷ്യം വയ്ക്കുന്നു എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യം. അക്രമിക്കപ്പെട്ടവരിൽ ചിലർ വ്യക്തിപരമായി പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് നടപടികളൊന്നും പോലീസ് സ്വീകരിച്ചിട്ടില്ല. നിലവിൽ വൈശാഖിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാംപസിൽ സമരത്തിലാണ്. എൻഐടി അധികൃതർ നിലവിൽ എടുത്തിരിക്കുന്ന നടപടിയിൽ നിന്ന് പിന്നോട്ടുപോയില്ലെങ്കിൽ നിയമപരമായി അടുത്ത മാർഗം സ്വീകരിക്കാമെന്നാണ് വിദ്യാർഥികൾ കരുതുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം