എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 62 വിദ്യാർത്ഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ട് സാമ്പിളുകളും പോസിറ്റീവായി. മൂന്ന് കുട്ടികൾ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും നോറോ വൈറസ് കാരണമാകുന്നു
രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ സ്കൂളിലെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറോ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശുചിമുറികളും ക്ലാസുകളും ആരോഗ്യ സംഘം അണുവിമുക്തമാക്കി. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരാനും കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൂടുതല്‍ കുട്ടികളില്‍ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും സൂപ്പർ ക്ലോറിനേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരും. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.