KERALA

സർക്കാർ എത്ര നാൾ കേട്ടില്ലെന്ന് നടിക്കും; നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരമെന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ

നടപടിയെടുക്കാൻ രോഹിത് വെമുലമാരെയാണ് സർക്കാരിന് ആവശ്യമെങ്കിൽ അതിനും തയാറാകണോ എന്ന് വിദ്യാർഥികൾ

വെബ് ഡെസ്ക്

സർക്കാരിന്റെ ഭാഗത്ത് നിന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. കേരളം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിദ്യാർഥികൾ നീതിക്കായി നിരാഹാരം കിടക്കേണ്ട അവസ്ഥയുണ്ടാക്കിയത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് സ്റ്റുഡന്റസ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. കൃത്യമായ തെളിവുകൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. പിന്നാക്ക വിഭാഗക്കാരുടെ ജീവനും കരിയറിനും മുകളിലാണ് സർക്കാർ അടൂർ ഗോപാലകൃഷ്ണനെ കാണുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

സ്റ്റുഡന്റസ് കൗൺസിലിന്റെ പ്രസ്താവന

ഇനിയും എത്ര നാൾ വിദ്യാർഥികളുടെ ശബ്ദങ്ങളെ സർക്കാർ കേട്ടില്ലെന്ന് നടിക്കും. നടപടിയെടുക്കാൻ സർക്കാരിന് രോഹിത് വെമുലമാരെയാണ് ആവശ്യമെങ്കിൽ അതിനും തയാറാകണോ എന്ന് വ്യക്തമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. സമരം 20 ദിവസം തികയുന്ന ഡിസംബർ 24നുള്ളിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും നീതി ലഭിച്ചില്ലെങ്കിൽ ക്രിസ്മസിന്റെ അന്ന് മുതൽ നിരാഹാരത്തിലേക്ക് നീങ്ങുമെന്നും വിദ്യാർഥികൾ അറിയിച്ചു. ഇതുവരെ ഡയറക്ടർ ശങ്കർ മോഹനെതിരെ നടപടികൾ ഒന്നും സ്വീകരിക്കാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രസ്താവനയിൽ വിദ്യാർഥികൾ ഉന്നയിക്കുന്നത്. കഴിയുന്ന രീതികളിലെല്ലാം സർക്കാരിനോട് കാര്യങ്ങൾ പറഞ്ഞു. എന്നിട്ടും നീതി ലഭിക്കുന്നില്ല. സംവരണം അട്ടിമറിച്ച് സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന നീക്കത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണോ എന്നും വിദ്യാർഥികൾ ചോദിക്കുന്നു.

ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാട് ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇത്തരമൊരു നീതികേട്‌ കേരള സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സർക്കാർ നിയോഗിച്ച കമ്മീഷന് മുന്നിൽ ഹാജരാകാതെ നടപടികൾ വൈകിപ്പിക്കുകയാണ് ശങ്കർ മോഹൻ. തെളിവുകൾ നൽകിയിട്ടും അനുഭവിച്ച കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടും നീതി ഒരുപാട് ദൂരെയാണ്. സർക്കാരിന് വലുത് അടൂർ ഗോപാലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകനാണ് ഇനിയും എത്രനാൾ സത്യാഗ്രഹം കിടന്നാലാണ് നീതി ലഭിക്കുകയെന്നും വിദ്യാർഥികൾ ചോദിക്കുന്നു.

അതേസമയം, അന്വേഷണ കമ്മീഷൻ ഡയറക്ടറെ കാണുമെന്നും കാര്യങ്ങള്‍ പരിശോധിച്ച ശേഷം സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. സംഭവങ്ങളില്‍ സർക്കാരിന് ഉത്കണ്ഠയുണ്ട് എന്നാല്‍ വിദ്യാർത്ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പിഎം ആർഷോ വിദ്യാർഥികളെ കാണുന്നു

വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ബുധനാഴ്ച കാമ്പസിൽ എത്തിയിരുന്നു. എസ്എഫ്ഐയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സർക്കാരുമായി വിദ്യാർഥികളുടെ ആവശ്യങ്ങൾ സംസാരിക്കുന്നുണ്ടെന്നും ആർഷോ പറഞ്ഞതായി വിദ്യാർഥി പ്രതിനിധി ദ ഫോർത്തിനോട് പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. സിനിമ പ്രവർത്തകരും, ഡബ്ല്യുസിസിയും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന് അയച്ച കത്താണ് പുറത്തുവന്നത്. സംവിധായകന്‍ ജിയോ ബേബിയാണ് ഇതുസംബന്ധിച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹൻ നടത്തുന്ന ജാതി വിവേചനത്തിനെതിരായി ഡിസംബർ അഞ്ചിനാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ