തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ 
KERALA

'സദാചാര ബെഞ്ച്' സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിക്കാൻ നഗരസഭ

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് സദാചാരവാദികള്‍ക്ക് മറുപടിയുമായെത്തിയത്.

വെബ് ഡെസ്ക്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് ഒഴിവാക്കാന്‍ ബെഞ്ച് വെട്ടിപ്പൊളിച്ചതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം വൈറലായതിനു പിന്നാലെ നടപടിയുമായി അധികൃതര്‍. വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അനധികൃതമായി നിര്‍മിച്ച ഷെഡ് ആണ് ഇപ്പോഴുള്ളത്. അത് പൊളിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ജന്‍ഡര്‍ ന്യൂട്രല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ നിര്‍മിക്കുമെന്ന് മേയര്‍ പറഞ്ഞു. തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ആര്യ രാജേന്ദ്രന്‍റെ പ്രതികരണം.

വിദ്യാര്‍ഥികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം
ബസ് സ്റ്റോപ്പിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയില്‍ മുറിച്ചു മാറ്റിയത്. പിന്നീടാണ് ഇതിനു പിന്നില്‍ സമീപത്തെ സദാചാരവാദികളാണെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നത്.

രണ്ടുദിവസം മുന്‍പാണ്, കോളേജിനു സമീപത്ത് വിദ്യാര്‍ഥികള്‍ ഒരുമിച്ച് ഇരിക്കാറുള്ള ബസ് സ്റ്റോപ്പിലെ ബെഞ്ച് മുറിച്ച നിലയില്‍ കണ്ടത്. നിരവധിപ്പേര്‍ക്ക് ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഇരിപ്പിടം ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാണ് മുറിച്ചുമാറ്റപ്പെട്ടത്. സംഭവത്തിനു പിന്നില്‍ സമീപത്തെ സദാചാരവാദികളാണെന്ന് പിന്നീടാണ് വിദ്യാര്‍ഥികള്‍ അറിഞ്ഞത്. അടുത്തിരിക്കുന്നത് വിലക്കിയവര്‍ക്ക് വിദ്യാര്‍ഥികള്‍ മടിയിലിരുന്നാണ് മറുപടി നല്‍കിയത്.

ബെഞ്ച് പൊളിച്ചതില്‍ നേരിട്ട് പങ്കുള്ളവരെക്കുറിച്ച് സൂചനകളില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ ചൊല്ലി മിക്കപ്പോഴും തര്‍ക്കമുണ്ടാകാറുണ്ടായിരുന്നെന്ന് സിഇടി കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഫാബി കെ പി 'ദി ഫോര്‍ത്തി'നോട് പ്രതികരിച്ചു. രാത്രിയില്‍ ആരെങ്കിലും ബസ് സ്‌റ്റോപ്പില്‍ ഇരുന്നാലും അത് ചോദ്യം ചെയ്യപ്പെടുമായിരുന്നെന്നും ഫാബി കൂട്ടിച്ചേര്‍ത്തു.

ഇരിപ്പിടം മുറിച്ചു മാറ്റിയതില്‍ ആദ്യം ഞെട്ടല്‍ തോന്നിയെങ്കിലും, ഇത്തരത്തിലുള്ള പ്രവര്‍ത്തനമേ അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. അവര്‍ക്കുള്ള വേറിട്ട മറുപടി എന്ന തരത്തിലാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ മടിയിലിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ചിത്രം പങ്കുവെച്ചത്. സൗഹൃദത്തിലും ആണ്‍ പെണ്‍ വ്യത്യാസം കാണുന്ന മനോഭാവം മാറേണ്ടതുണ്ടെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

വേറിട്ടതും ലളിതവുമായ പ്രതിഷേധം പിന്നീട് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയായിരുന്നു. സിഇടി കോളേജ് വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. എസ് ശബരീനാഥനും പ്രതികരണമായെത്തിയിരുന്നു.

ശബരീനാഥന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

സിഇടിയിലെ മുന്‍ വിദ്യാര്‍ഥി കൂടിയാണ് കെഎസ് ശബരീനാഥന്‍. സദാചാരവാദികള്‍ക്ക് മനോഹരമായ മറുപടി സിഇടിയിലെ മിടുക്കര്‍ നല്‍കി എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സിഇടി വിദ്യാര്‍ഥിയായിരുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സദാചാര സംരക്ഷണത്തിന്റെ മറവില്‍ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിര്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് ഡിവൈഎഫ്‌ഐ

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തുന്ന ബസ് സ്‌റ്റോപ്പാണിത്. പുരുഷാധിപത്യത്തില്‍ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ് ബസ് സ്‌റ്റോപ്പ് തകര്‍ത്തത്. സദാചാര സംരക്ഷണത്തിന്റെ മറവില്‍ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിര്‍ക്കുന്നത് അംഗീകരിക്കില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍