കെപിസിസി സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യമായി അസഭ്യ പദപ്രയോഗം നടത്തിയ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ഹൈക്കമാന്‍ഡ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ അവഹേളിച്ചതില്‍ നീരസം പ്രകടിപ്പിച്ച് സതീശനാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഇരുനേതാക്കളും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചു.
നേതാക്കളുടെ പരസ്യപ്പോര് തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ബാധിക്കരുതെന്ന് ഇരുവര്‍ക്കും ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വേണുഗോപാല്‍ സുധാകരനുമായും സതീശനുമായും ടെലിഫോണില്‍ സംസാരിക്കുകയും കാര്യങ്ങള്‍ ആരായുകയും ചെയ്തു. ഇരുവരോടും ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാല്‍ നിര്‍ദേശിച്ചു.
എന്നാല്‍ സതീശന്‍ ഈ നിര്‍ദേശം അംഗീകരിച്ചില്ല. അതേത്തുടര്‍ന്ന് ഒറ്റയ്ക്ക് മാധ്യമങ്ങളെ കണ്ട സുധാകരന്‍ സതശനുമായി അഭിപ്രായഭിന്നതകള്‍ ഇല്ലെന്നും തങ്ങള്‍ ജ്യേഷ്ഠാനുജന്മാരെപ്പോലെയാണെന്നും വ്യക്തമാക്കി. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വൈകിയെത്തിയതിന്റെ നീരസം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.
വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് നേരിട്ട് വിശദീകരണം നല്‍കിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സതീശനും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അറിയിച്ചു. സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയില്‍ നടത്തിയ സ്വാഭാവിക പദപ്രയോഗം മാത്രമായിരുന്നു കെപിസിസി പ്രസിഡന്റിന്റേതെന്നും അതിനപ്പുറം മാനമൊന്നും അതിനു താന്‍ കല്പിക്കുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി നടത്തുന്ന സമരാഗന്ധി ജാഥയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ എത്തി കാത്തിരിക്കുമ്പോള്‍ സതീശന്‍ വൈകുന്നതില്‍ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തിലാണ് അസഭ്യപദംപ്രയോഗം നടത്തിയത്. പ്രതിപക്ഷ നേതാവ് മറ്റൊരു പരിപാടിയിലാണെന്നും ഉടന്‍ എത്തുമെന്നും ബാബുപ്രസാദ് വിശദീകരിച്ചെങ്കിലും സുധാകരന്‍ ക്ഷോഭിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്ന കെപിസിസി നിര്‍വാഹക സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ചാനല്‍ മൈക്കുകളും ക്യാമറകളും ഓണ്‍ ആണെന്ന് ഓര്‍മിപ്പിച്ചതോടെയാണ് സുധാകരന്‍ ക്ഷോഭം അടക്കിയത്. എന്നാല്‍ പദപ്രയോഗം കൃത്യമായി മേശപ്പുറത്തിരുന്ന ചാനല്‍ മൈക്കുകളില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.
ഇതാദ്യമായല്ല സുധാകരനും സതീശനും പര്യസമായി കൊമ്പുകോര്‍ക്കുന്നത്. ഇതിനുമുമ്പ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ആര് സംസാരിക്കുമെന്നതിനെച്ചൊല്ലി ഇരുവരും പരസ്യമായി തര്‍ക്കിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് താനാണെന്നും താന്‍ സംസാരിച്ചോളാമെന്നും സുധാകരന്‍ പരസ്യമായി ശകാരിച്ചതാണ് അന്ന് സതീശനെ ചൊടിപ്പിച്ചത്. ഈ വിഷയം പിന്നീട് ഇരുവരും രമ്യമായി പരിഹരിച്ചിരുന്നു.