സംസ്ഥാന സര്‍ക്കാരിനെയും കേരള രാഷ്ട്രീയത്തെയും കലുഷിതമാക്കി സിപിഎം എംഎല്‍എ പി വി അന്‍വര്‍ തുടങ്ങിവച്ച വിവാദം ഒടുവില്‍ പത്തനംതിട്ട എസ്പിയായിരുന്ന എസ് സുജിത് ദാസിന്റെ സസ്‌പെന്‍ഷനില്‍ എത്തിനില്‍ക്കുന്നു. മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളാണ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. താന്‍ തുടങ്ങിവച്ച പോരാട്ടത്തിന്റെ ഫലം എന്നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയതിന് പിന്നാലെ പി വി അന്‍വറിന്റെ പ്രതികരണം.
മരം മുറി ആരോപണത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് ചര്‍ച്ചയായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു പി വി അന്‍വര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. ''വിക്കറ്റ് നമ്പര്‍ 1.. ഒരു പുഴുക്കുത്ത് പുറത്തേക്ക്..'' എന്നായിരുന്നു പിവി അന്‍വറിന്റെ പ്രതികരണം. സുജിത് ദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാന്‍ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഡി ഐ ജി നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. മരം മുറി ആരോപണത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും വ്യക്തം.
എന്നാല്‍, എസ് പി സുജിത് ദാസിനൊപ്പം എഡിജിപി എം ആര്‍ അജിത് കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും നീണ്ട അന്‍വറിന്റെ ആരോപണങ്ങളിലും പരാതികളിലും ഇനി അടുത്ത വിക്കറ്റ് ആരുടേതായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
വിവാദം ആരംഭിച്ചതിന് പിന്നാലെ തന്നെ സുജിത് ദാസ് ഐപിഎസിനെ പത്തനംതിട്ട എസ് പി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. അതേസമയം, മാത്രമല്ല പോലീസിലെ ഉന്നതര്‍ക്ക് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പോലീസ് സംഘം എഡിജിപി നല്‍കി പരാതി കൂടി അന്വേഷിക്കുന്നുണ്ട്.
നിലവില്‍ എഡിജിപിക്ക് എതിരെ ആരോപണം ഉന്നയിച്ച പി വി അന്‍വറും, അരോപണം നേരിടുന്ന എം ആര്‍ അജിത്ത് കുമാറും തത്വത്തില്‍ പരാതിക്കാരായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സമയം എടുത്തുള്ള സര്‍ക്കാര്‍ നടപടി വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന വാദങ്ങളില്‍ ഒന്ന്.