KERALA

'അഫീഫയെ എന്നിൽനിന്ന് അകറ്റാൻ ദേഹോപദ്രവത്തിന് വരെ ബന്ധുക്കൾ മടിക്കില്ല'; ആശങ്ക മാറാതെ പങ്കാളി സുമയ്യ

എറണാകുളത്ത് ഒരുമിച്ച് താമസിച്ചുപോരുന്നതിനിടെ മെയ് 30ന് ജോലിസ്ഥലത്തുനിന്നാണ് അഫീഫയെ വീട്ടുകാർ നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയത്

വിഷ്ണു പ്രകാശ്‌

''അഫീഫയെ എന്നിൽനിന്ന് അകറ്റാൻ ഏത് വിധേനെയും അവർ ശ്രമിക്കും. ദേഹോപദ്രവം വരെ നടത്താൻ അവർ മടിക്കില്ല. മുൻപ് മന്ത്രവാദമുൾപ്പടെയുള്ള രീതികളിൽ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായി അഫീഫ പറഞ്ഞിട്ടുണ്ട്,'' പങ്കാളിയെ കാണാൻ കഴിയാത്തതിലുള്ള ആശങ്ക പങ്കുവയ്ക്കുകയാണ് സുമയ്യ ഷെറിൻ.

അഫീഫയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ നടപടികൾ വൈകുന്നതാണ് സുമയ്യയെ ആശങ്കയിലാഴ്ത്തുന്നത്. അഫീഫയെ വീട്ടുകാർ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സുമയ്യ ദ ഫോർത്തിനോട് പറഞ്ഞു.

സുമയ്യയുടെ ഹർജി 19ലേക്ക് മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചെങ്കിലും വീട്ടുകാർ അഫീഫയെ ഹാജരാക്കിയിരുന്നില്ല. 19ന് ഹാജരാക്കാമെന്ന് അഫീഫയുടെ വീട്ടുകാരുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേസ് 19ലേക്ക് മാറ്റിയത്.

സഹപാഠികളായ സുമയ്യയും അഫീഫയും പന്ത്രണ്ടാം ക്ലാസ് പഠനകാലത്താണ് പ്രണയത്തിലാകുന്നത്‌. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഇരുവരും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാൻ വീട് വിട്ടിറങ്ങുകയായിരുന്നു. ഇരുവരുടെയും വീട്ടുകാർ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒരുമിച്ച് കഴിയാനുള്ള ഇരുവരുടെയും ഇഷ്ടം മലപ്പുറം മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തെത്തി ഒന്നിച്ച് കഴിഞ്ഞുപോരുന്നതിനിടയിലാണ് അഫീഫയെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം അഫീഫയുമായി ബന്ധപ്പെടാൻ സുമയ്യയ്ക്ക് കഴിഞ്ഞിട്ടില്ല.

അഫീഫയെ വീട്ടുകാർ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സുമയ്യ എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അഫീഫയെയോ കുടുംബാംഗങ്ങളെയൊ സംബന്ധിച്ച് അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സുമയ്യയ്ക്ക് പോലീസിൽനിന്ന് ലഭിച്ച മറുപടി. ഇതേത്തുടർന്ന് ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ അഫീഫയെ ഹാജരാക്കാൻ കോടതി നൽകിയിരിക്കുന്ന സാവകാശം സുമയ്യയെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ വനജ കളക്ടീവിന്റെ സംരക്ഷണത്തിലാണ് സുമയ്യ.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം