വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഇത് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. വേനലവധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വേനലവധി ക്ലാസുകള്‍ നടത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വേനലവധി ക്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റൊരു തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്ത പക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടച്ച് ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതാണ്. അതത് അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.
വേനലവധി ക്ലാസുകള്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‌സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.