വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി. ഡയറക്ടര്‍ ശങ്കര്‍ മോഹനനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചത്. രാജി സമര്‍പ്പിച്ചവരില്‍ ഡീന്‍ ചന്ദ്ര മോഹനന്‍ നായരും ഉള്‍പ്പെടുന്നു. ശങ്കർ മോഹനനെതിരെയുള്ള ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണെന്നും ഡയറക്ടറെ പുറത്താക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും രാജി വെച്ച ജീവനക്കാരിൽ ഒരാൾ ദ ഫോർത്തിനോട് പറഞ്ഞു. നാളെ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ഇരിക്കെയാണ് കൂട്ടരാജിയെന്നതും ശ്രദ്ധേയമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്നിരുന്ന വിദ്യാർത്ഥി സമരത്തിൽ ശങ്കർ മോഹനെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിട്ടുള്ളവരാണ് രാജി വെച്ചിട്ടുള്ള എട്ട് പേരും. ഇവർ മുൻപ് കെ ആർ നാരായൺ സംരക്ഷണ സമിതി എന്ന പേരിൽ സമിതി രൂപീകരിക്കുകയും പ്രശ്നങ്ങളെ സംബന്ധിച്ച ഒരു വിശദമായ റിപ്പോർട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
ഡീൻ ചന്ദ്രമോഹനൻ നായർക്ക് പുറമെ ഫൗസിയ ഫാത്തിമ ( സിനിമാറ്റോഗ്രഫി ) , വിനോദ് പി എസ് (ഓഡിയോ ), നന്ദകുമാർ മേനോൻ (സിനിമാറ്റോഗ്രഫി) , ബാബാനി തമൂലി ( അസിസ്റ്റന്റ് പ്രൊഫസ്സർ) , സന്തോഷ് കുമാർ ( പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്) , അനിൽ കുമാർ ( അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ) തുടങ്ങിയവരാണ് രാജിവച്ച് മറ്റുള്ളവര്‍.
ഇപ്പോൾ പുറത്തുവരുന്നതെല്ലാം വെറും കഥകൾ മാത്രമാണെന്നും രാജി സമര്‍പ്പിച്ചവര്‍ ആരോപിക്കുന്നു.
ഇപ്പോൾ പുറത്തുവരുന്നതെല്ലാം വെറും കഥകൾ മാത്രമാണെന്നും രാജി സമര്‍പ്പിച്ചവര്‍ ആരോപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം സംബന്ധിച്ച യാതൊരു പ്രശ്നങ്ങളും നിലനിൽക്കുന്നില്ല. ഡയറക്ടറെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ചിലർ തന്നെ ഉണ്ടാക്കിയെടുത്ത വിവാദങ്ങളും പ്രശ്നങ്ങളുമാണിവയെന്നും ജീവനക്കാരിലൊരാള്‍ ദ ഫോര്‍ത്തിനോട് വ്യക്തമാക്കി.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെ 50 ദിവസത്തിലേറെയായി തുടര്‍ന്നുവന്നിരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുവെന്നും എത്രയും പെട്ടെന്ന് ഡയറക്ടറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. നിലവിലുള്ള സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സോഷ്യലിസ്റ്റ് ജസ്റ്റിസ് കമ്മിറ്റി, അക്കാദമിക് സമിതി എന്നിവ രൂപികരിക്കാനും ധാരണയായി. ഉന്നതത അന്വേഷണ കമ്മീഷൻ നിർദ്ദേശം വിദ്യാർത്ഥികളുമായി ചര്‍ച്ച ചെയ്ത് ധാരണയാവുകയും ചെയ്തിരുന്നു. ഈ നടപടിയോട് പ്രതിഷേധിച്ചാണ് അധ്യാപകർ രാജി വെച്ചത്.