എസ്എൻഡിപി യോഗത്തെ ഹൈജാക്ക് ചെയ്യുന്നതിലൂടെ ആർഎസ്എസിന് ഒളിസേവ ചെയ്യുകയാണ് വെള്ളാപ്പള്ളി നടേശനെന്ന് സമസ്ത മുഖപത്രം സുപ്രഭാതം പത്രത്തിന്റെ മുഖപ്രസംഗം. എൽഡിഎഫും യുഡിഎഫും രാജ്യസഭാ സീറ്റുകൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിളമ്പി എന്ന പ്രയോഗം നേരത്തെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈഴവർക്കവകാശപ്പെട്ട അവകാശങ്ങൾ മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ കവർന്നെടുക്കുന്നുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനുണ്ടെന്നും, അത് ചെയ്യാതെ സംഘപരിവാറിന്റെ നുണ ഉൽപ്പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾകൊണ്ട് പൊതുസമൂഹത്തിൽ ഛിദ്രത തീർക്കുകയാണ് വേണ്ടത് എന്നും മുഖപ്രസംഗം വിമർശിക്കുന്നു.
രാജ്യസഭയിലെ പ്രാതിനിധ്യം പരിശോധിക്കുന്ന വെള്ളാപ്പള്ളി നടേശനു മുന്നിലേക്ക് ലോക്സഭാ അംഗങ്ങളുടെയും കേന്ദ്ര-കേരള മന്ത്രിസഭയിലെ പ്രതിനിധ്യത്തിന്റെയും കണക്കുകൾ മുഖപ്രസംഗം മുന്നോട്ടുവയ്ക്കുന്നു. കേരളത്തിൽ നിന്ന് ആകെ മൂന്ന് മുസ്ലിം അംഗങ്ങൾ മാത്രമാണ് ലോക്സഭയിലുള്ളത്. കേന്ദ്ര കാബിനറ്റിൽ ഒരു മുസ്ലിം പോലുമില്ല. അതുപോലെ കേരള മന്ത്രിസഭയിൽ ആകെ ഉള്ളത് രണ്ടു മുസ്ലിം മന്ത്രിമാരാണ്.
ശേഷം രാജ്യത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാർ കമ്മറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്ന മുഖപ്രസംഗം കുറച്ചുകൂടി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരെ അപേക്ഷിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ കുറവാണ് എന്നും, ഒരു സർക്കാർ വകുപ്പിലും 13 ശതമാനത്തിലധികം പ്രാതിനിധ്യം മുസ്ലിങ്ങൾക്ക് ലഭിക്കുന്നില്ല എന്നും സുപ്രഭാതം ഓർമ്മപ്പടുത്തുന്നു.
ഈഴവരും മുസ്ലിങ്ങളും കേരളത്തിൽ ഒരുപോലെ പിന്നോക്കാവസ്ഥ നേരിടുന്നവരാണെന്നും ഇരുവിഭാഗങ്ങൾക്കും അർഹതപ്പെട്ട അവസരങ്ങൾ ശരിക്കും ആരാണ് തട്ടിയെടുക്കുന്നതെന്നു മനസിലാക്കാതെയാണ് സവർണസമുദായങ്ങൾക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണിയെന്നും സുപ്രഭാതം വിമർശിക്കുന്നു.
കേരളത്തിന്റെ ജനസംഖ്യയുടെ 14 ശതമാനമാണ് നായന്മാരുള്ളത്. 23 ശതമാനമാണ് ഈഴവർ. എന്നാൽ അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിലും സ്വകാര്യമേഖലയിലും സവർണാധിപത്യം തുടരുകയായിരുന്നു. ഈ അന്തരവ് തുലനം ചെയ്യാൻ വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടോ എന്നാണ് സുപ്രഭാതം ചോദിക്കുന്നത്. അതിനു തയാറാണെങ്കിൽ ആരാണ് ഈഴവരുടെയും, ദളിതരുടെയും, മുസ്ലിങ്ങളുടെയും പിന്നോക്ക ക്രൈസ്തവരുടെയും അവസരം തട്ടിയെടുക്കുന്നതെന്ന് മനസ്സിലാക്കാനാകും എന്നും അതിനൊന്നും തയാറാകാതെ മുസ്ലിംവിരുദ്ധത ഈഴവരിലേക്കു കൂടി പടർത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും മുഖപ്രസംഗം വിമർശിക്കുന്നു.