KERALA

റിയാസ് മൗലവി വധം: കോടതിയെയും പോലീസിനെയും വിമർശിച്ച് സുപ്രഭാതം, 'ആര്‍എസ്എസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ നിരന്തരം വീഴ്ച'

സാക്ഷിമൊഴികളും ഫൊറന്‍സിക് ഉള്‍പ്പെടെ നൂറിലേറെ തെളിവുകളും ഹാജരാക്കിയിട്ടും കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടുവെന്നത് ദുരൂഹവും ഭയജനകവുമാണെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു

വെബ് ഡെസ്ക്

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചത് സംബന്ധിച്ച രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ നീതിനിര്‍വഹണ സംവിധാനങ്ങളെ വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടിയച്ചതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനാണോ അതോ കോടതികള്‍ തെളിവുകള്‍ പരിഗണിക്കാത്തതാണോയെന്ന് മുഖപ്രസംഗം ചോദിക്കുന്നു. അറുകൊലയേക്കാള്‍ അമ്പരപ്പുളവാക്കുന്നതാണ് പ്രതികളെ വെറുതെ വിട്ട കോടതി വിധിയെന്നും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പ്രോസിക്യൂഷന് നിരന്തരം വീഴ്ച സംഭവിക്കുന്നതെന്ന് അതിശയിപ്പിക്കുന്നതാണെന്നും സുപ്രഭാതം മുഖ പ്രസംഗത്തില്‍ പറയുന്നു.

സാക്ഷിമൊഴികളും ഫൊറന്‍സിക് ഉള്‍പ്പെടെ നൂറിലേറെ തെളിവുകളും ഹാജരാക്കിയിട്ടും കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടുവെന്നത് ദുരൂഹവും ഭയജനകവുമാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

'ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും കോടതി മുഖവിലക്കെടുത്തില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തെളിവുശേഖരണത്തില്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്നും 170 പേജുള്ള വിധിപ്പകര്‍പ്പില്‍ പറയുന്നു. മൂന്നു ദിവസത്തിനകം പ്രതികളെ പിടിക്കുകയും 85-ാം നാള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളാ പോലീസിനാണ് പിഴച്ചതെന്നാണോ മറ്റുള്ളവര്‍ വിചാരിക്കേണ്ടത്! കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കില്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ റിയാസ് മൗലവി വധക്കേസില്‍ ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി ന്യായമായും സംശയിക്കാം. എന്നാല്‍ ഡി എന്‍ എ ഫലം ഉള്‍പ്പെടെയുള്ള അതിപ്രധാന തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റവിമുക്തരായെങ്കില്‍ നമ്മള്‍ ആരെയാണ് സംശയിക്കേണ്ടതെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നു.

മതസ്പര്‍ധയുണ്ടാക്കാനും അതുവഴി വര്‍ഗീയകലാപത്തിനു കോപ്പുകൂട്ടാനുമാണ് ഒരു യുവ പണ്ഡിതനെ പള്ളിക്കകത്ത് നിഷ്ഠുരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം നീതിപീഠം മുഖവിലക്കെടുത്തില്ല. ഗൂഢാലോചനാവാദം സാധൂകരിക്കാനോ ഒരു സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ജഡ്ജി കെ കെ ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ ആര്‍ എസ് എസ് ബന്ധം തെളിയിക്കാനുള്ള നിരവധി തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടെന്ന് എഡിറ്റോറിയല്‍ പറയുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ മെല്ലെപ്പോക്കാണ് അന്വേഷണങ്ങളിലെന്ന് ഷാന്‍ വധക്കേസിന്റെയും രഞ്ജിത്ത് ശ്രീനിവാസനന്റെയും വധക്കേസുകള്‍ ചൂണ്ടിക്കാട്ടി മുഖപ്രസംഗം വിമര്‍ശിക്കുന്നു.

''2022 ഡിസംബര്‍ 19നാണ് രഞ്ജിത് കൊല്ലപ്പെടുന്നത്. കേസ് അന്വേഷണവും കുറ്റപത്രസമര്‍പ്പണവും അതിവേഗമായതിനാല്‍ രണ്ടുവര്‍ഷത്തിനകം കോടതിയില്‍നിന്ന് വിധിയുമുണ്ടായി. പ്രതികളായ മുഴുവന്‍ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും തൂക്കുകയറായിരുന്നു കോടതി വിധിച്ചത്. എന്നാല്‍ രഞ്ജിത്ത് വധത്തിന് 24 മണിക്കൂര്‍ മുമ്പുനടന്ന ഷാന്‍ കൊലക്കേസിലാകട്ടെ ഈ മിന്നല്‍വേഗമോ വിധിപ്രസ്താവമോ കാണാനുമില്ല. കാരണം ഷാന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളത് ആര്‍എസ്എസുകാരെന്നതുതന്നെ,'' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

പി ജയരാജന്‍ വധശ്രമ കേസില്‍ ആര്‍എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട സംഭവവും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വെറുതെ വിടുന്നതിന് സഹായകരമായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ