ജസ്റ്റിസ് എസ് വി ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ എസ് വി ഭാട്ടിയെ ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാർ അംഗീകിരിച്ചാൽ അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഈ മാസം 24 നാണ് നിലവിലെ ചീഫ് ജസ്റ്റിസ് എസ് മണികൂമാർ വിരമിക്കുന്നത്.
ആന്ധ്രപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭാട്ടി 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയാണ്. ബ്രഹ്മപുരം വിഷപ്പുകയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെ പരിഗണിക്കുന്നത് ജസ്റ്റിസ് എസ് വി ഭാട്ടി ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ്. ബെംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം1987 ജനുവരിയിലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്.
ആന്ധ്രപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റാൻഡിങ് കൗൺസൽ, വിശാഖപ്പട്ടണം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലായിരുന്നു.