KERALA

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ അജയ് രസ്തോ ഗി, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.

മാർച്ച് ആറിന് കേരള ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി നൽകിയത്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും അതുകൊണ്ട് ജാമ്യം നൽകണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. അഭിഭാഷകരായ സന റയീസ് ഖാൻ, ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് സുനിക്ക് വേണ്ടി ഹാജരായത്.

എന്നാൽ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന ധാരണ മുന്‍വിധിയോട് കൂടിയുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ജാമ്യം തള്ളവെ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും ഇത്തവണ പറയാനില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിങിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. ഫെബ്രുവരി 23ന് അറസ്റ്റിലായത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി സുപ്രീംകോടതിയിലടക്കം നൽകിയ ജാമ്യ ഹർജികൾ തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം