KERALA

തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സ്റ്റേയില്ല

വെബ് ഡെസ്ക്

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് തുടരും. ഹൈക്കോടതിയിലെ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടപടികളുമായി ഹൈക്കോടതിക്ക് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ബാബുവിന്റെ ഹര്‍ജി അപ്രസക്തമായി.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ ബാബുവിന്റെ പ്രചാരണമെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം. വോട്ടേഴ്സ് സ്ളിപ്പില്‍ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് എം സ്വരാജിനുവേണ്ടി കോടതിയില്‍ ഹാജരായി അഭിഭാഷകന്‍ പിവി ദിനേശ് ആവശ്യപ്പെട്ടു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറുമാസത്തിനകം കേസുകള്‍ തീര്‍പ്പാക്കേണ്ടതാണ്. പക്ഷെ, സുപ്രീംകോടതിയിലെ തിരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ നിയമസഭാ കാലാവധിക്കകം തീര്‍ന്ന കേസുകള്‍ വിരളമാണെന്നും ദിനേശ് വാദിച്ചു. ഇതോടെയാണ് ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസിന്റെ നടപടികള്‍ തുടരട്ടേയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും