പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടില്‍ മുഖ്യമന്ത്രിക്കെതിരേ വാക്കാല്‍ പരാമര്‍ശം നടത്തിയ കോടതി ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിനെതിരേ സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച മുഴുവന്‍ നിലപാടുകളും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നത് സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്കെതിരേയല്ലെന്നും സംസ്ഥാന മുഖ്യമന്ത്രിക്കെതിരേയാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എസ് സതീഷ്ചന്ദ്ര ബാബു കമ്മിറ്റി രണ്ടു വര്‍ഷം മുമ്പാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. റിപ്പോര്‍ട്ടിനായി ജോയിന്റ് കൗണ്‍സില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.