ഉയര്‍ന്ന ശമ്പളത്തിന് അനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതി പുറത്തിറക്കിയ വിധി ജീവനക്കാര്‍ക്ക് പ്രത്യക്ഷത്തില്‍ ആശ്വാസം പകരുന്ന ഒന്നാണ്. എന്നാല്‍ വിധി തീരെ ആശാവാഹമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.
തൊഴിലാളികള്‍ക്ക് അനുകൂലമായൊരു വിധി നേടിയെടുക്കുന്നതിനുള്ള നിയമ പോരാട്ടത്തിന് മുന്നില്‍ നിന്നത് ഒരു മലയാളിയാണ്; കെ എസ് എഫ് ഇ ജീവനക്കാരനായ കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുനില്‍കുമാര്‍. അദ്ദേഹം ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു:
അവകാശങ്ങള്‍ക്കായുള്ള പോരാട്ടം
ഞങ്ങള്‍ ചെയ്ത ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വേണമെന്ന തീരുമാനത്തിന്റെ പുറത്താണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത്.
കേരള ഹൈക്കോടതിക്കൊപ്പം രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതികളും 2014ലെ പിഎഫ് ഭേദഗതി നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ച് വിധി പറഞ്ഞിരുന്നു. എന്നിട്ടും ഞങ്ങളുടെ കേസ് സുപ്രീംകോടതിയില്‍ ഒന്നാമതായി വരാന്‍ കാരണം കേരള ഹൈക്കോടതി പിഎഫ് ആക്ടിലെ ഭേദഗതി റദ്ദാക്കി എന്നതുകൊണ്ടാണ്.
വിധി ഭാഗിക ആശ്വാസം മാത്രം
പിഎഫ് പെന്‍ഷന്‍ കേസില്‍ വെള്ളിയാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പകുതി ആശ്വാസവും പകുതി നിരാശയുമാണ് സമ്മാനിക്കുന്നത്. ആക്ച്വല്‍ സാലറി പെന്‍ഷന്‍ എന്ന വാക്ക് ഈ വിധിയില്‍ എവിടെയും കാണാനില്ല. പെന്‍ഷന്‍ കണക്കാക്കുന്നതിന് പരമാവധി 15,000 രൂപ ശമ്പളപരിധി നിശ്ചയിക്കുക മാത്രമാണ് കോടതി ചെയ്തത്. ജീവനക്കാര്‍ക്ക് ഹയര്‍ സാലറി പെന്‍ഷന്‍ ലഭിക്കാന്‍ 1.16 ശതമാനം തുക അധികം നല്‍കണമെന്ന വ്യവസ്ഥ കോടതി എടുത്തു കളഞ്ഞത് ആശ്വാസകരമാണ്. എന്നാല്‍ തൊഴിലുടമ വിഹിതം വര്‍ദ്ധിപ്പിക്കുന്നതില്‍ അടക്കം നിയമത്തിന്റെ പരിധിയിലുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതിന് ആറുമാസം സമയം അനുവദിച്ചു നല്‍കിയിരിക്കുന്നതിനാല്‍ ഇക്കാലയളവില്‍ സമാനമായ പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പകുതി ആശ്വാസവും പകുതി നിരാശയുമാണ് സമ്മാനിക്കുന്നത്.സുനില്‍കുമാര്‍
സമാനമായ ഭേദഗതി ഇനിയും കൊണ്ടുവന്നാല്‍, ഈ കേസ് ഇനിയും നീണ്ടുപോകും. പ്രായമേറിയ തൊഴിലാളികള്‍ക്ക് ഒരു തവണയെങ്കിലും വര്‍ദ്ധിത പെന്‍ഷന്‍ വാങ്ങണമെന്ന സ്വപ്നം പൊലിഞ്ഞു പോകാന്‍ ഈ തീരുമാനം വഴി വച്ചേക്കാം.
പിഎഫ് വഴി ഓരോ വര്‍ഷവും ലഭിക്കുന്ന കോടിക്കണക്കിന് രൂപ എവിടെയെല്ലാം നിക്ഷേപിച്ചു, അതില്‍ നിന്നുള്ള പലിശ വരുമാനം എന്ത് ചെയ്യുന്നു എന്ന് വെളിപ്പെടുത്താതെ തെറ്റായ റിപ്പോര്‍ട്ടാണ് ഇപിഎഫ്ഒ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് കോടതി തള്ളും എന്നാണ് കരുതിയത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപ നികുതി നല്‍കുന്നവരാണ് നമ്മള്‍.
കോടതിയില്‍ നിന്ന് കൃത്യതയില്ലാത്ത വിധിയാണ് വന്നിട്ടുള്ളത്, ആശങ്കയുണ്ട്. കേസിലെ തുടര്‍നടപടികളെ കുറിച്ച് കൂടിയാലോചിച്ച ശേഷം നിയമ പോരാട്ടം തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
കേസിന്റെ നാള്‍വഴികള്‍
2014 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ഇപിഎഫ് പെന്‍ഷന്‍ ഭേദഗതിക്കെതിരെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ 16 പേര്‍ അടങ്ങുന്ന സംഘമാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്, ഏകദേശം ഒന്‍പത് വര്‍ഷം മുന്‍പ്. 2015 ജനുവരി മാസത്തിലാണ് തൊഴിലാളി വിരുദ്ധമായ ഇപിഎഫ് ഭേദഗതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന്റെ തുടക്കം. നാലുവര്‍ഷത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2018 ഒക്ടോബര്‍ 12ന് തൊഴിലാളികള്‍ക്ക് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞു. ഭേദഗതി പൂര്‍ണമായി റദ്ദ് ചെയ്യുന്നതിനും ജീവനക്കാരന്റെ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി കോണ്‍ട്രിബ്യൂഷന്‍ ചെയ്യണമെന്നും അത് അനുസരിച്ചായിരിക്കണം പെന്‍ഷന്‍ വിതരണം നടക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.
പുനഃ പരിശോധന ഹര്‍ജി സ്വീകരിച്ച കോടതി, ഇപിഎഫ് പെന്‍ഷന്‍ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വിധി റദ്ദാക്കി കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഇപിഎഫ്ഒ നല്‍കിയ ഹര്‍ജി തള്ളുകയും ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയും ചെയ്തു.തൊഴിലാളികള്‍ക്ക് അനുകൂലമായ വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും പുന: പരിശോധന ഹര്‍ജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.
പുനഃ പരിശോധന ഹര്‍ജി സ്വീകരിച്ച കോടതി, ഇപിഎഫ് പെന്‍ഷന്‍ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വിധി റദ്ദാക്കി കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പുറത്തിറക്കിയ വിധി റദ്ദാക്കിക്കൊണ്ട് പുനര്‍വാദം കേള്‍ക്കാന്‍ ഒരു ബെഞ്ച് തീരുമാനമെടുക്കുന്നത്. ഈ കേസിലെ അന്തിമ വിധിയാണ് നവംബര്‍ നാലിന് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച് പുറപ്പെടുവിച്ചത്.