KERALA

മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപിയുടെ 'ഭരത്ചന്ദ്രൻ ഷോ'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി

'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു തൃശൂർ എംപിയുടെ അതിക്രമം

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ക്ഷുഭിതരായും തള്ളിമാറ്റിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു തൃശൂർ എംപിയുടെ അതിക്രമം. തൃശൂരിലായിരുന്നു സംഭവം.

ലൈംഗികാരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു നടൻ കൂടിയായ സുരേഷ് ഗോപി ഇന്ന് രാവിലെ സ്വീകരിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് സംഭവം.

തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽനിന്ന് പുറത്തേക്കുവന്ന സുരേഷ് ഗോപിയോട്, കാറിൽ കയറുന്നതിന് മുൻപാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടാൻ ശ്രമിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും കെ സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചുമായിരുന്നു ചോദ്യങ്ങൾ. ഇതിനോട് രോഷാകുലനായ സുരേഷ് ഗോപി, കാറിന്റെ ഡോറിന് സമീപമുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.

ഒരു സുപ്രധാന വിഷയത്തിൽ ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ട ജനപ്രതിനിധി ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യത്തിന് 'ഉത്തരം പറയാൻ സൗകര്യമില്ല' എന്ന മറുപടിയാണ് സുരേഷ് ഗോപി നൽകിയതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറയുന്നത്.

മലയാള സിനിമയിലെ പല നടന്മാർക്കുമെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് ഇന്നു രാവിലെ സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു. ഇതിനോടും ക്ഷുഭിതനായി പ്രതികരിച്ച ബിജെപി നേതാവ്, മാധ്യമങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണെന്ന് പറഞ്ഞിരുന്നു. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്. എല്ലാത്തിനും കോടതി ഉത്തരവ് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മുകേഷിനെ ഉൾപ്പെടെയുള്ളവരെ ന്യായീകരിക്കുന്ന സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി കെ സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാട് പറയേണ്ടത് പാർട്ടിയാണ്, മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിലപാടെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയിൽ അഭിപ്രായങ്ങളുണ്ടെങ്കിലും പാർട്ടി നിലപാടിനുവിരുദ്ധമായി പറയരുതെന്ന മുന്നറിയിപ്പും സുരേന്ദ്രൻ നൽകി.

സുരേഷ് ഗോപി മാപ്പ് പറയണം: കെ യു ഡബ്ല്യു ജെ

തൃശ്ശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റ ശ്രമം നടത്തിയതിനെ കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) അപലപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള ശ്രമം ഞെട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കായികമായി നേരിട്ടുകളയാമെന്ന ചിന്തയാണ് സുരേഷ് ഗോപിയെ നയിക്കുന്നത്. ലോകത്തെ ഒരു പരിഷ്കൃതസമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല.

എം പിയും മന്ത്രിയും ആവുന്നതിന് മുൻപും തൃശൂരിൽ ഒരു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നുവെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍