KERALA

'പിഴവ് സംഭവിച്ചത് മെഡിക്കൽ കോളജിൽ വച്ചുതന്നെ'; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് കണ്ടെത്തല്‍

മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനൻ ആണ് അന്വേഷണം നടത്തിയത്

വെബ് ഡെസ്ക്

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറിയില്‍ കത്രിക കുടുങ്ങി സംഭവത്തില്‍ വീഴ്ച സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിന് തന്നെയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പൂർത്തിയായി. മെഡിക്കൽ കോളജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി വിഷയം അന്വേഷിച്ച കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനൻ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. കേസിൽ തുടർന് നടപടികളുടെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അന്വേഷണം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനൻ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

2017ൽ മെഡിക്കൽ കോളജിൽ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു കത്രിക കുടുങ്ങിയതെന്നാണ് ഹർഷിനയുടെ പരാതി. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലാണ് പോലീസും നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും പോലീസ് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നതായാണ് വിവരം.

അതേസമയം, വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വരുന്ന വരെ സമരം തുടരുമെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ അനുഭവിച്ചത് മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരരുത്. രോഗികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിലയില്‍ നിയമനിര്‍മാണം നടത്തണം. അനുഭവിച്ച വേദനകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണം. ഇനി വാഗ്ദാനങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്നും പൂര്‍ണമായ നീതി ലഭിച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ഹര്‍ഷിന കൂട്ടിചേര്‍ത്തു.

വയറിനുള്ളില്‍ 12 സെന്റീമീറ്റർ നീളമുള്ള ആ കത്രിക (ആർട്ടറി ഫോർസെപ്സ്)യും പേറി അഞ്ച് വര്‍ഷത്തോളമാണ് കെ കെ ഹർഷിന വേദന സഹിച്ച് കഴിഞ്ഞത്. കഴിഞ്ഞ വർഷം ശസ്ത്രക്രിയയിലൂടെ മെഡിക്കൽ കോളജിൽ വച്ചു തന്നെ കത്രിക പുറത്തെടുത്തു. തുടര്‍ന്ന് നീതി തേടിയിറങ്ങിയ ഹര്‍ഷിനയുടെ സമരം രണ്ട് മാസം പിന്നിടുമ്പോഴാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ഹർഷിന ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകിയിരുന്നു.

രണ്ട് തവണ മന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചെങ്കിലും കത്രിക മെഡിക്കൽ കോളജിലേത് അല്ലെന്നാണ് അവർ റിപ്പോർട്ട് നൽകിയത്. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു കാലപ്പഴക്കം നിർണയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആരോഗ്യവകുപ്പിന്റെ രണ്ട് അന്വേഷണങ്ങളും പരാജയപ്പെട്ടതോടെ മാർച്ച് 29നാണ് മന്ത്രിസഭ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കൽ നെഗ്ലിജെൻസ് ആക്റ്റ് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് വകുപ്പ് മേധാവികൾ എന്നിവരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്