നടിയെ ആക്രമിച്ച കേസ് പ്രത്യേക വിചാരണ കോടതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയില്‍. ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അതിജീവിതയുടെ അപ്പീല്‍. കോടതി മാറ്റണമെന്ന ആവശ്യത്തിനൊപ്പം വിചാരണ കോടതിയിലെ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിയും പ്രതിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതിനുളള തെളിവ് പോലീസിന്റെ കൈവശമുള്ള ശബ്ദരേഖയിലുണ്ടെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ജഡ്ജി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറുന്നു . മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷനെ അറിയിക്കുന്നതിലും ജഡ്ജിക്ക് വീഴ്ചപറ്റി. അതിനാല്‍ തന്നെ വിചാരണ കോടതിയില്‍ നിന്ന് നീതിലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .
വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. വിചാരണ കോടതിക്കെതിരായ അതിജീവിതയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഹാജരാക്കിയ ശബ്ദരേഖയ്ക്ക് ആധികാരികതയില്ലെന്നായിരുന്നു കോടതി നിലപാട് .
നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്. വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി ഹണി എം വര്‍ഗീസ് വാദം കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ജഡ്ജിയെ മാറ്റുന്നതിനായി അതിജീവിത കോടതി മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയിലെത്തി. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് കേസ് മാറ്റി കേസ് വീണ്ടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാക്കിയെങ്കിലും ജഡ്ജിയെ മാറ്റിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി . കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണെന്നും പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോള്‍ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്