KERALA

സിദ്ധാര്‍ത്ഥന്റെ മരണം: ആറുപേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി, കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍

ഇതോടെ, സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളുടെ എണ്ണം 12 ആയി

വെബ് ഡെസ്ക്

പൂക്കോട് വെറ്ററിനറി സര്‍വകാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ ആറു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബില്‍ഗേറ്റ് ജോഷ്വാ, അഭിഷേക് എസ്, ആകാശ് ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ അറസ്റ്റ് കഴിഞ്ഞദിവസം കല്‍പ്പറ്റ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ, സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളുടെ എണ്ണം 12 ആയി.

അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍ എന്‍, അമല്‍ ഇഹ്സാന്‍, അജയ് ജെ, സൗദ് റിസാല്‍ ഇ കെ, അല്‍ത്താഫ് എ, ആദിത്യന്‍ വി, മുഹമ്മദ് ഡാനിഷ് എം എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളായ കെ അരുണ്‍, അമല്‍ ഇഹ്‌സാന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

സംഭവത്തില്‍ കോളേജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളേജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളേജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി. എന്നാല്‍ സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും, തുടര്‍നടപടി സ്വീകരിച്ചതും ഡീന്‍ നാരായണന്‍ ആണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കും. കേസിലെ അന്വേഷണ പുരോഗതി ഡിജിപി ഗവര്‍ണറെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ കുടുംബം നല്‍കിയ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി ഗവര്‍ണറെ വിശദാംശങ്ങള്‍ അറിയിച്ചത്. മകന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും, മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തി. പിന്നാലെ കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ