എച്ച്3എന്‍2 കേസുകള്‍ കേരളത്തില്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒക്ടോബറില്‍ തന്നെ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ സ്രവം പരിശോധന നടത്തും. സംസ്ഥാനത്ത് 46 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്ളുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.
മലപ്പുറം ചുങ്കത്തറയില്‍ 11 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പനി ബാധിച്ചു വരുന്ന കുട്ടികളെയും വയോധികരെയും ഗര്‍ഭിണികളെയും പ്രത്യേകം ശ്രദ്ധിക്കണം. മലപ്പുറം ചുങ്കത്തറയില്‍ 11 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ചികിത്സ വൈകിപ്പിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും ചേര്‍ന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.