സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്‍പ്പടേയുള്ളവര്‍ക്കെതിരെ ആരോപണങ്ങളുമായാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ഫേസ് ബുക്ക് ലൈവിലൂടെയാണ് സ്വപ്ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. വിജയ് പിള്ള എന്ന ഇടനിലക്കാരൻ വഴി സ്വർണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാൻ ശ്രമം നടന്നെന്നും തനിക്ക് ഭീഷണിയുണ്ടെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. 30 കോടി രൂപ എം വി ഗോവിന്ദന്റെ അറിവോടെ വാഗ്ദാനം ചെയ്തെന്നും കേസില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മുഴുവന്‍ തെളിവുകളും കൈമാറാന്‍ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഇല്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേര് പറഞ്ഞായിരുന്നു വിജയ് പിള്ള ഭീഷണിപ്പെടുത്തിയതെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റിന്റെ സ്ക്രീൻ ഷോട്ടും സ്വപ്നാ സുരേഷ് മാധ്യമങ്ങൾക്ക് കൈമാറി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ് കർണാടകാ ആഭ്യന്തര വകുപ്പിന് പരാതി നൽകി.
(വിജേഷ് പിള്ളയെന്നാണ് വ്യക്തിയുടെ പേരെങ്കിലും ഫേസ്ബുക്ക് ലൈവില്‍ ഉടനീളം വിജയ് പിള്ള എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. കണ്ണൂർ സ്വദേശിയായ വിജേഷ് ആക്ഷൻ ഒടിടി സിഇഒ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. )
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയുടെ സഹായത്തോടെ യു എ ഇ യില്‍ കള്ളക്കേസ് ഉണ്ടാക്കി ജീവിതം നശിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ലൈവിൽ പറഞ്ഞു. ''ഇതെല്ലാം പറഞ്ഞതിന് ശേഷം തീരുമാനമെടുക്കാന്‍ രണ്ട് ദിവസത്തെ സമയം തന്നു. തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിന് ഇദ്ദേഹവുമായുള്ള ചിത്രങ്ങളടക്കം എല്ലാകാര്യങ്ങളും ഇ മെയില്‍ വഴി താന്‍ കൈമാറി. തന്റെ സുരക്ഷാര്‍ഥം ഈ വിവരങ്ങള്‍ അദ്ദേഹം കര്‍ണാടക ഹോമിനിസ്റ്റര്‍ക്കും കര്‍ണാടക ഡിജിപിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും കൈമാറി.'' സ്വപ്‌ന പറഞ്ഞു.
''മൂന്ന് ദിവസം മുന്‍പാണ് കണ്ണൂരില്‍ നിന്ന് വിജയ് പിള്ള എന്നയാള്‍ വിളിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ഞാനിപ്പോള്‍ നില്‍ക്കുന്ന ബെംഗളൂരു വിട്ട് പോകാന്‍ അയാള്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം എന്നതായിരുന്നു വിളിച്ച ആളിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും, ഭാര്യയ്ക്കുമെതിരെ സംസാരിക്കുന്നതും യൂസഫലിയ്‌ക്കെതിരെ സംസാരിക്കുന്നതും നിര്‍ത്തി ജനങ്ങളോട് ക്ഷമ ചോദിച്ച് കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ഇവിടം വിടുക എന്നാണ് വിജയ് പിള്ള ആവശ്യപ്പെട്ടത്.'' സ്വപ്ന വിശദീകരിച്ചു.
തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോര്‍ട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഒരിക്കലും ,സ്വപ്‌ന സുരേഷ് എവിടെയാണെന്നോ എന്താണെന്നോ ഇവിടുത്തെ ജനങ്ങള്‍ അറിയാന്‍ പാടില്ലെന്നു പറഞ്ഞതായും സ്വപ്‌ന പറഞ്ഞു. ബാഗില്‍ നോട്ടോ മയക്കുമരുന്നോ വച്ച് അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമാണെന്നും പറഞ്ഞു. ഇതിനൊന്നും നില്‍ക്കാതെ മലേഷ്യയിലേക്ക് രക്ഷപ്പെട്ടാല്‍ മതിയെന്നും കള്ളപാസ്‌പോര്‍ട്ട് ഉണ്ടാക്കി നല്‍കാമെന്ന് വിജയ് പിള്ള പറഞ്ഞതായി സ്വപ്ന അവകാശപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള മുഴുവന്‍ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഇതിന്റെ അവസാനം കാണുന്നത് വരെ കേസുമായി മുന്നോട്ട് പോകുമെന്നും സ്വപ്‌ന പറഞ്ഞു. ജനങ്ങളെ ഒരു കാരണവശാലും പറ്റിക്കാനോ പാവപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവതം നശിപ്പിക്കാനോ ഒരു രാഷ്ട്രീയ അജണ്ടയും തനിക്കില്ലെന്നും പറഞ്ഞാണ് സ്വപ്‌ന ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.