KERALA

മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു; സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്ന സുരേഷ്

ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം

ദ ഫോർത്ത് - ബെംഗളൂരു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. എല്ലാ അഴിമതികൾക്കും മുഖ്യമന്ത്രിക്ക് കൂട്ടുനിന്നത് ശിവശങ്കറും സി എം രവീന്ദ്രനുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും സ്വപ്ന പറഞ്ഞു. ലൈഫ് മിഷൻ അഴിമതി കേസിൽ ശിവശങ്കർ അറസ്റ്റിലായ സാഹചര്യത്തിൽ ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരാമർശം.

എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇനി ഒരുപാട് കാര്യങ്ങൾ പുറത്ത് വരുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. യുഎഇയിൽ ഇരുന്ന് എല്ലാ അഴിമതിക്കും ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. ബിരിയാണി ചെമ്പ് ഉൾപ്പടെ കോൺസുലേറ്റിലേക്ക് കൊണ്ടുപോയതായി ശിവശങ്കറിന്റെ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്‌താൽ യുഎഇയിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അഴിമതികളും പുറത്തു വരും. ഇ ഡിക്ക് ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇ ഡിയുമായി ഇനിയും സഹകരിക്കും. എല്ലാ തെളിവുകളും ഇതുപ്രകാരം കൈമാറും, സ്വപ്ന പറഞ്ഞു.

''ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാവും പുറത്ത് വരണം. കേസില്‍ കടലിനടയിലെ എല്ലാ വമ്പന്‍ സ്രാവുകളേയും പുറത്ത് കൊണ്ടുവരാനാണ് താന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്‌. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ്''- സ്വപ്‌ന പറഞ്ഞു.

വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളത്‌ കൊണ്ട് എതിർക്കാൻ പറ്റിയില്ല എന്നും സ്വപ്ന കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്