KERALA

'അഞ്ച് രൂപയ്ക്ക് മണിക്കൂറുകള്‍ കാത്തിരിക്കണം'; സ്വിഗ്ഗി തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ആവശ്യപ്പെട്ടുകൊണ്ടാണ് സമരം

കെ ആർ ധന്യ

'അഞ്ച് പൈസ ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടാന്‍ കമ്പനി സമ്മതിക്കില്ല. കിലോമീറ്ററുകള്‍ ഓടിയാല്‍ കിട്ടുന്നത് 20 രൂപ. ടാര്‍ഗറ്റ് ഒപ്പിക്കാതിരിക്കാനുള്ള പണികളാണ് കമ്പനി ചെയ്യുന്നത്. ഇങ്ങനെ പോയാല്‍ ഞങ്ങളെങ്ങനെ ജീവിക്കും?' സ്വിഗ്ഗി തൊഴിലാളിയായ ജീമോന്‍ ചോദിക്കുന്നു. കൊച്ചിയിലെ സ്വിഗ്ഗി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കാനൊരുങ്ങുകയാണ്. തിങ്കളാഴ്ച മുതല്‍ പണിമുടക്കാനാണ് തീരുമാനം. ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

'മൂന്നും നാലും അഞ്ചും കിലോമീറ്റര്‍ ഓടിയാല്‍ ആകെ 20-25 രൂപയാണ് കിട്ടുന്നത്. ചിലപ്പോള്‍ പത്തും മുപ്പതും കിലോമീറ്റര്‍ ഓടേണ്ടി വരും. എന്നാല്‍ റിട്ടേണ്‍ വരുന്ന പൈസ നമുക്ക് കിട്ടില്ല. 2.5 കിലോമീറ്ററിന് 30 രൂപയെങ്കിലും ഞങ്ങള്‍ക്ക് കിട്ടണം. റിട്ടേണ്‍ വരുന്ന ഓരോ കിലോമീറ്ററിനും 10 രൂപയെങ്കിലും അവര്‍ തരണം. ഇല്ലെങ്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ കാശുണ്ടാവില്ല.' സ്വിഗ്ഗി തൊഴിലാളിയായ നവാസ് പറയുന്നു.

ഒരു ദിവസം 750 രൂപയാണ് ഒരു തൊഴിലാളിയുടെ ടാര്‍ഗറ്റ്. ഈ ടാര്‍ഗറ്റ് എത്തിയാല്‍ 250 രൂപ ഇന്‍സെന്റീവ് ലഭിക്കും. ' എന്നാല്‍ 750എത്താന്‍ അഞ്ച് രൂപ ബാക്കിയുള്ളപ്പോള്‍ കമ്പനി നമുക്ക് ഓര്‍ഡര്‍ തരാതെ കാത്തിരുത്തും.
ഉനൈസ്

ഒരു ദിവസം 750 രൂപയാണ് ഒരു തൊഴിലാളിയുടെ ടാര്‍ഗറ്റ്. ഈ ടാര്‍ഗറ്റ് എത്തിയാല്‍ 250 രൂപ ഇന്‍സെന്റീവ് ലഭിക്കും. ' എന്നാല്‍ 750എത്താന്‍ അഞ്ച് രൂപ ബാക്കിയുള്ളപ്പോള്‍ കമ്പനി നമുക്ക് ഓര്‍ഡര്‍ തരാതെ കാത്തിരുത്തും. നാലും അഞ്ചും മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ ഓര്‍ഡര്‍ കിട്ടുക. അതിനുവേണ്ടി കാത്തിരുന്നില്ലെങ്കില്‍ താഴത്തെ സ്ലോട്ടിലുള്ള 250 രൂപയാണ് അന്നത്തെ കൂലിയായി ആകെ കിട്ടുക.' തൊഴിലാളിയായ ഉനൈസ് ചൂണ്ടിക്കാട്ടുന്നു.

ദിവസത്തില്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ജോലി ചെയ്യണമെന്നാണ് സ്വിഗ്ഗിയുടെ നിര്‍ദ്ദേശം. എന്നാല്‍ ടാര്‍ഗറ്റ് എത്തിക്കാനായി 16ഉം 17ഉം മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ് അധികവും. ' ഷാഡോ ഫാസ് എന്ന വേറൊരു ആപ്പും ഇവര്‍ക്കുണ്ട്. ഞങ്ങള്‍ക്ക് ടാര്‍ഗറ്റ് എത്താതിരിക്കാന്‍ ഈ ആപ്പ് വഴി സ്വിഗ്ഗി ഓര്‍ഡര്‍ കൊടുക്കും. അവര്‍ക്ക് ടാര്‍ഗറ്റും ഇല്ല ഇന്‍സെന്റീവും ഇല്ല. കൊച്ചിയില്‍ 24 മണിക്കൂറും ജോലിയുണ്ട്. പക്ഷെ ശനി ഞായര്‍ ദിവസങ്ങളൊഴിച്ചാല്‍ ഇന്‍സെന്റീവ് വളരെ തുച്ഛമാണ്.' ഉനൈസ് പറഞ്ഞു.

ഒരു ദിവസം 500 രൂപയ്ക്ക് സര്‍വീസ് നടത്തിയാല്‍ 200 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. 600 രൂപക്ക് 250രൂപയും 850രൂപയ്ക്ക് 375 രൂപയും ഇന്‍സെന്റീവ് ലഭിക്കും . ആഴ്ചയില്‍ 4001 രൂപയുടെ സര്‍വീസ് നടത്തിയാല്‍ 1400 രൂപ ഇന്‍സെന്റീവ് ആയി കിട്ടും. ' എന്നാല്‍ ഇത് പോലും ഒപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ചുരുക്കത്തില്‍ പെട്രോള്‍ അടിക്കാനുള്ള പൈസ കിട്ടിയാലായി.' സ്വിഗ്ഗി തൊഴിലാളി മിഥുന്‍ പ്രതികരിച്ചു.

കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരും തിരികെ പോവാന്‍ കഴിയാതിരുന്ന പ്രവാസികളുമുള്‍പ്പെടെ പതിനായിരത്തിലധികം സ്വിഗ്ഗി തൊഴിലാളികള്‍ പുതുതായി ജോലി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണ് കമ്പനിയുടേതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആവശ്യങ്ങള്‍ സ്വിഗ്ഗിയെ അറിയിച്ച് 15 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. കൊച്ചിയില്‍ 11 സോണില്‍ ഒമ്പത് സോണിലേയും തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ