KERALA

പ്രതിസന്ധിയിൽ എറണാകുളം- അങ്കമാലി അതിരൂപത; അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂരും കൂരിയ അംഗങ്ങളും രൂപത ആസ്ഥാനത്ത്നിന്ന് ഇറങ്ങിപ്പോയി

വെബ് ഡെസ്ക്

സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധിയില്‍. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം നല്‍കുന്നതുവരെ സഹകരിക്കുകയില്ല എന്നു പറഞ്ഞ കൂരിയാ അംഗങ്ങള്‍ ഇന്നലെ അതിരൂപത ആസ്ഥാനത്ത് നിന്നിറങ്ങി പോയി. പിന്നാലെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും അരമന വിട്ടിറങ്ങിയെന്നു സൂചന.

2024 ജൂണ്‍ ഒന്നിന് അതിരൂപതയിലെ വൈദിക പ്രതിനിധികളും അല്മായ പ്രതിനിധികളും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രത്യേക അനുവാദ പ്രകാരം തലശ്ശേരി ആര്‍ച്ച്ബിഷപ്പും സീറോമലാബാര്‍ സിനഡ് സെക്രട്ടറിയുമായ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പൂത്തൂരിന്റെ സാന്നിധ്യത്തില്‍ വച്ചുണ്ടായ സമവായ ഫോര്‍മുലയെ അട്ടിമറിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സിനഡിലെ ഒരു ലോബി ശക്തമായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായാണ് സിനഡിന്റെ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് തോമസ് തറയില്‍ 2024 സെപ്റ്റംബര്‍ 25ന് പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സമവായത്തെ തള്ളിപ്പറഞ്ഞിരിക്കുന്നതെന്ന് അതിരൂപത സംരക്ഷണ സമിതി ആരോപിക്കുന്നു.

ആര്‍ച്ച്ബിഷപ്പിന്റെ കൈയും കാലും കെട്ടിയിട്ടാണ് സിനഡിലെ ശക്തമായ ലോബി ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാക്കുന്നത്. അതിരൂപതയിലെ വൈദികരും അല്മായരും സമവായത്തിലെത്തിയതും നൂറിലധികം പള്ളികളില്‍ കടമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും ഒരു കുര്‍ബാന സിനഡ് രീതിയില്‍ അര്‍പ്പിച്ചതും അതിരൂപതയിലെ 8 ഡീക്കന്മാര്‍ക്ക് എത്രയും വേഗം പട്ടം നല്കുമെന്ന ഉറപ്പിലാണ്. ആ ഉറപ്പാണ് അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ സ്ഥിരം സിനഡിലെ ചില അംഗങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിച്ചത്. 'ഡീക്കന്മാര്‍ക്ക് പട്ടം കൊടുക്കണം. ഡീക്കന്മാര്‍ സിനഡ് ആവശ്യപ്പെടുന്ന പ്രതിജ്ഞ ഒപ്പിട്ടുകൊടുക്കാന്‍ തയ്യാറാണ്. അതൊടൊപ്പം അവര്‍ ഈ അതിരൂപതയില്‍ സേവനം ചെയ്യുന്നവരായതുകൊണ്ട് അവര്‍ക്കു നിയമനം ലഭിക്കുന്ന മുറയ്ക്ക് ജനാഭിമുഖ കുര്‍ബാന ചൊല്ലാനുള്ള അവകാശവും അനുവാദവും അവര്‍ക്ക് ലഭിക്കണം'. അതുവരെ ശക്തമായ പോരാട്ടം തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതി പറയുന്നു. ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം കൊടുക്കാതെ ഒരിടവകയിലും വച്ച് മറ്റ് സന്ന്യാസ സഭകളിലെയോ മിഷന്‍ രൂപതകളിലെയോ ഡീക്കന്മാര്‍ക്ക് പട്ടം നല്കാന്‍ വിശ്വാസികള്‍ അനുവദിക്കുകയുമില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മറ്റൂര്‍ പള്ളി വികാരി ഫാ ജേക്കബ് മഞ്ഞളിയെ സിനഡാനുകൂലികള്‍ മര്‍ദ്ദിച്ചതിനെ വൈദിക യോഗം അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ എവിടെയെങ്കിലും ആവര്‍ത്തിച്ചാല്‍ വിശ്വാസികള്‍ കൈകെട്ടി നില്കുകയില്ലെന്ന് മറ്റൂര്‍ പള്ളിയിലെ വിശ്വാസസമൂഹം അവരുടെ പ്രതിഷേധങ്ങളിലൂടെ വ്യക്തമാക്കി.

സിറോമലബാര്‍ സഭ ഒരു വ്യക്തിഗത സഭയാണെങ്കില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അനാവശ്യമായി എല്ലാ തീരുമാനങ്ങളും പൗരസ്ത്യ കാര്യാലയത്തിന്റെ ചുമലില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡീക്കന്‍മാര്‍ക്ക് പട്ടം കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാര്‍ ബോസ്‌കോ പൂത്തൂര്‍ അപ്പോസ്റ്റലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം രാജിവയ്ക്കട്ടെ എന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ തളിയന്‍ ആവശ്യപ്പെട്ടു.

അഭിമുഖവേളയില്‍ ഇടനിലക്കാരന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി, 'ദ ഹിന്ദു'വിന്റേത് മാന്യമായ സമീപനം

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

എഡിജിപി അജിത്കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

'തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത കുത്സിത ശ്രമം; പ്രത്യേക ത്രിതല അന്വേഷണം, എഡിജിപി അജിത് കുമാറിന്റെ പങ്ക് പോലീസ് മേധാവി അന്വേഷിക്കും'

സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല