KERALA

സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുന്നു; ഏകാഭിപ്രയത്തില്‍ എത്താതെ സിനഡ്, മെത്രാന്‍മാര്‍ക്ക് അന്ത്യശാസനവുമായി വിമതര്‍

അജണ്ടയില്‍ കാര്യമായ മാറ്റം വരുത്തി സിനഡ് വീണ്ടും ചേരും. ബുധനാഴ്ച് വരെയാണ് സിനഡ് സമ്മേളനം നടക്കുക

അനിൽ ജോർജ്

സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുന്നു. വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സിനഡിലും തര്‍ക്കം ഉണ്ടായി. തര്‍ക്കം മുറുകിയതോടെ ഏകാഭിപ്രയത്തില്‍ എത്താന്‍ സിനഡിന് കഴിഞ്ഞില്ല. ഇതോടെ ഒരു ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത സിനഡ് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. വൈദികര്‍ക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപത കൂരിയ പുനഃസംഘടിപ്പിക്കുക, എറണാകുളം - അങ്കമാലി അതിരൂപത വിഭജിക്കുക തുടങ്ങി അജണ്ടയില്‍ കാര്യമായ മാറ്റം വരുത്തി സിനഡ് വീണ്ടും ചേരും. ബുധനാഴ്ച വരെയാണ് സിനഡ് സമ്മേളനം നടക്കുക. വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നിര്‍ണായകമായിട്ടുണ്ട്. സഭാ കൂരിയായുടെ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന മെത്രാന്മാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി.

പുതിയ അജണ്ടയില്‍ ഉള്‍പ്പെട്ടത്

* ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കല്‍ അന്തിമ താക്കിത്.

* മഹറോന്‍( വൈദികരുടെ കൂദാശാ വിലക്ക്.)

2023 ലെമാരത്തോണ്‍ കുര്‍ബാനയില്‍ നടപടി ഈ മാസം 20 ന്. നടപടി 33 പേര്‍ക്കെതിരെ

* വൈദികര്‍ക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക.

അച്ചടക്കനടപടിക്കായി പ്രത്യേക കോടതി രൂപീകരിക്കും. കാനോന്‍ 106 പ്രകാരം രൂപികരിക്കുന്ന കോടതിക്ക് മുകളില്‍ അപ്പീലില്ല 106/4

* എറണാകുളം - അങ്കമാലി അതിരൂപത വിഭജിക്കുക

* അതിരൂപത കൂരിയ പുനഃസംഘടിപ്പിക്കുക.

* മേജര്‍ ആര്‍ച്ച് ബിഷപ്പിന് പുതിയ അതിരൂപത പ്രഖ്യാപിക്കുക.

* സീറോ - മലബാര്‍ സഭയുടെ കൂരിയ പുനഃസംഘടിപ്പിക്കുക.

എറണാകുളം - അങ്കമാലി അതിരൂപതയ്ക്കായി ഒരു മെത്രാനെക്കൂടി പ്രഖ്യാപിച്ചേക്കും.

ഇതിനിടെ സിനഡില്‍ പങ്കെടുക്കുന്ന അതിരൂപത അംഗങ്ങളായ 9 മെത്രാന്‍മാര്‍ക്കും വിമതരുടെവക അന്ത്യശാസനവും എത്തി. കൂറു തെളിയിക്കാനുള്ള അവസാന അവസരം അതിരൂപതയെ ഒറ്റുകൊടുത്താല്‍ സ്വന്തം ഇടവകയില്‍ പോലും പ്രവേശനം ഉണ്ടാവില്ലെന്നായിരുന്നു വിമതരുടെ മുന്നറിയിപ്പ്.

എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണം എന്ന ഏക അജണ്ടയുമായി രണ്ട് മണിക്കൂര്‍ മാത്രം ചേര്‍ന്ന് പിരിയാനും മുന്‍കൂട്ടി തയ്യാറാക്കിയ സര്‍ക്കുലര്‍ സിനഡ് അംഗങ്ങളെ വായിച്ച് കേള്‍പ്പിച്ച് അംഗീകാരം നേടാമെന്നുമുള്ള സീറോമലബാര്‍ സഭ കൂരിയായുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതാണ് സിനഡ് സമ്മേളനം നീളാന്‍ ഇടയാക്കിയത്.

സീറോ മലബാര്‍ സഭയില്‍ അസാധാരണ സിനഡ് ഈ മാസം 14ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് വരെ ചേരാന്‍ തീരുമാനമെടുത്ത് വിജ്ഞാപനം പുറത്തിറക്കിയത് ഈ മാസം നാലിനായിരുന്നു. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള മെത്രാന്‍മാരാണ് സിനഡില്‍ കൂടുതല്‍ ഉള്ളത് എന്നതിനാല്‍ സിനഡ് ഓണ്‍ലൈനായി സമ്മേളനം നടത്താന്‍ തീരുമാനിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ തട്ടില്‍ ഈ മാസം നാലിന് പുറത്തിറക്കിയ രേഖയില്‍ പറയുന്നു. രണ്ട് മണിക്കൂര്‍ മാത്രമാണ് സമ്മേളന സമയമെന്നും ഏക അജണ്ട എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കലാണെന്നും കാട്ടി സീറോ മലബാര്‍ സഭ വക്താവ് വാര്‍ത്താ കുറിപ്പ് ഇറക്കുകയും ചെയ്തു.

എന്നാല്‍ സിനഡാനന്തരം പുറത്തിറങ്ങേണ്ട മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരിലുള്ള സര്‍ക്കുലര്‍ ഒന്‍പതാം തീയതി മൗണ്ട് സെന്റ് തോമസിലെ കൂരിയാതന്നെ പുറത്തുവിട്ടു. പ്രതിഷേധം കനത്തതോടെ 15/06/2024 എന്ന തീയതി വെച്ച കത്ത് 09/06/2024 തീയതി വെച്ച് ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ഇറക്കുകയായിരുന്നു. ഇതോടെ സിനഡ് മെത്രാന്മാര്‍ കടുത്ത നീരസം പ്രകടിപ്പിച്ചു. ഇതിനൊപ്പം 15/06/2024 തീയതി വെച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഒപ്പോടുകൂടി ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ പുതിയ സര്‍ക്കുലര്‍ ഇറങ്ങി.

എറണാകുളം - അങ്കമാലി അതിരൂപതയിലെ ആളുകള്‍ എതിര്‍ക്കുന്ന കല്‍ദായ വല്‍ക്കരണം എന്ന അനുഷ്ഠാനങ്ങള്‍ ഏകീകൃത കുര്‍ബാനക്കൊപ്പം നടപ്പാക്കണമെന്നതായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം

എറണാകുളം - അങ്കമാലി അതിരൂപതയിലെ ആളുകള്‍ എതിര്‍ക്കുന്ന കല്‍ദായ വല്‍ക്കരണം എന്ന അനുഷ്ഠാനങ്ങള്‍ ഏകീകൃത കുര്‍ബാനക്കൊപ്പം നടപ്പാക്കണമെന്നതായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം. ഈ സര്‍ക്കുലര്‍ വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാട്ടി സഭാ ആസ്ഥാനത്ത് നിന്ന് വാര്‍ത്താക്കുറിപ്പിറങ്ങി. എന്നാല്‍ പരാതി നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സഭാ നേതൃത്വം തയ്യാറായില്ല.

സിനഡിനെ നോക്കുകുത്തിയാക്കി മൗണ്ട് സെന്റ് തോമസില്‍ സഭാ കൂരിയ ഭരണം നടത്തുകയാണെന്ന വിമര്‍ശനം സിനഡ് അംഗങ്ങള്‍ ഉറയര്‍ത്തി. സഭാകൂരിയ പുന:സംഘടിപ്പിക്കണമെന്ന നിലപാടിലാണ് സിനഡിലെ മുതിര്‍ന്ന മെത്രാന്മാര്‍.

ഇതിനിടെ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ മെത്രാപോലീത്തമാരടക്കം പല കാലങ്ങളായി വത്തിക്കാനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി സീറോ - മലബാര്‍ സഭാ ട്രിബ്യൂണലില്‍ പരാതി നല്‍കുകയാണ് വിമത വിഭാഗം വൈദികര്‍. 2023 ഒക്ടോബര്‍ ഒന്‍പതിന് അന്നത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആന്‍ഡ്രൂസ് താഴത്ത് വത്തിക്കാന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് വിമതവിഭാഗത്തിന്റെ പുതിയ കരുനീക്കം. അക്രൈസ്തവരുടെയും മറ്റുള്ളവരുടെയും പിന്‍ബലത്തിലാണ് വിമത വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തു തെളിവിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിമത വിഭാഗം ചോദിക്കുന്നു.

സിനഡിന്റെ ആദ്യ അജണ്ടയില്‍ വത്തിക്കാനും അസംതൃപ്തി ഉണ്ടായിരുന്നു. സീറോ - മലബാര്‍ സഭാ നേതൃത്വവുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും പിന്നീട ഓറിയന്റെല്‍ കോണ്‍ഗ്രിയേഷനും നടത്തിയ ചര്‍ച്ചയില്‍ എറണാകുളം കത്തീഡ്രല്‍ ബസലിക്കായില്‍ മാരത്തോണ്‍ കുര്‍ബന നടത്തിയ 34 വൈദികര്‍ക്കെതിരെ ആര്‍ച്ച് ബിഷപ്പ് മരിയ കലിസ്റ്റെ സൂസൈപാക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂദാശ മുടക്ക് ഏര്‍പ്പെടുത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടാതിരുന്നത് വത്തിക്കാനെ ചൊടിപ്പിച്ചിരുന്നു. പുതുക്കിയ അജണ്ടയില്‍ ഇതും ഇടം പിടിച്ചിട്ടുണ്ട്.

ഇതിനിടെ ജൂലൈ മൂന്നിനുശേഷം എറണാകുളം - അങ്കമാലി അതിരൂപതയുടെ കാര്യത്തില്‍ ഇടപെടരുതെന്ന് അല്‍മായ മുന്നേറ്റം സീറോ മലബാര്‍ സഭയ്ക്ക് മുന്നറിയിപ്പ് നല്‍കി. കടുത്ത നിലപാടിലാണ് അതിരൂപത. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ അതിരൂപത തള്ളുകയും ഇടവകകള്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

മെത്രാന്‍മാര്‍ക്ക് അന്ത്യശാസനവുമായി എത്തിയ വിമതര്‍ പ്രതിസന്ധിയില്‍ അതിരൂപത കൂരിയ ഒപ്പം നില്‍ക്കുമെന്നും കരുതുന്നുണ്ട്. പുറത്താക്കല്‍ നടപടി ഉണ്ടായാല്‍ ആദ്യം അരമന പിടിച്ചെടുക്കാനാണ് വിമതരുടെ തീരുമാനം. മൂന്നാം തീയതിക്കുശേഷം ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അരമന ഒഴിയണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ അതിരൂപത കൂരിയ മുഴുവനായോ, പ്രൊക്യുറേറ്റര്‍ മാത്രമായോ വിമതര്‍ക്കൊപ്പം നിന്നാല്‍ അതിരൂപതയിലെ മുഴുവന്‍ സ്വത്തുക്കളും വിമത വിഭഗത്തിന്റെ കൈകളില്‍ സുരക്ഷിതമായി എത്തും. എന്നാല്‍ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ മാടശ്ശേരി സീറോ മലബാര്‍ സഭയ്‌ക്കൊപ്പം നില ഉറപ്പിച്ചാല്‍ അരമനയടക്കമുള്ളവ സിനഡിന്റെ നിയന്ത്രണത്തില്‍ വരും.

അരമന, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ ഭരണത്തില്‍ ഇരു വിഭാഗവും അവകാശവാദം ഉയര്‍ത്തുന്നത് പ്രതിസന്ധിക്ക് ഇടയാക്കും. ഇരുവിഭാഗവും ശക്തമായ ഇടവകകളില്‍ കടുത്ത സംഘര്‍ഷം ഉറപ്പാണ്. ഇതോടെ കുര്‍ബാന തര്‍ക്കം തെരുവില്‍ ക്രമസമാധാന പ്രശ്‌നമായി മാറും.

ഇതിനിടെ സഭയില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യം വന്നാല്‍ അതിരൂപത ഭരണത്തില്‍ നിന്ന് കാലാവധിക്ക് മുന്‍പേ വിരമിച്ച മെത്രാനെ അതിരൂപതയില്‍ സ്വീകരിക്കാനും നീക്കമുണ്ട്. ഇതോടെ ശ്ലൈഹിക കത്തോലിക്ക സഭയായി നിലനില്‍ക്കാന്‍ കഴിയുമെന്നും ഇവര്‍ കരുതുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി