തമിഴ്നാട് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ കാട്ടിലേക്കയക്കാനുളള തീവ്ര ശ്രമത്തില്‍ തമിഴ്നാട് വനം വകുപ്പ്. ഉള്‍ക്കാട്ടിലേക്ക് തുരത്താനുളള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. കുങ്കിയാനകളെ ഉള്‍പ്പടെ എത്തിച്ച് മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ആനയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു മാത്രമേ മയക്കുവെടി വയ്ക്കൂവെന്നും തമിഴ്‌നാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കമ്പത്ത് ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ എത്തിയത്. അഞ്ചോളം വാഹനങ്ങള്‍ നശിപ്പിച്ചു ടൗണിലൂടെ സൈ്വര്യവിഹാരം നടത്തിയ അരിക്കൊമ്പനെ കണ്ട് പേടിച്ചോടിയ ഒരു യുവാവിന് വീണു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കമ്പം മേഖലയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തയിട്ടുണ്ട്. ആകാശത്തേക്ക് വെടിവയ്ക്കുന്നതടക്കമുളള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തിയെങ്കിലും പിന്‍തിരിയാന്‍ അരിക്കൊമ്പന്‍ തയ്യാറല്ല. കുമളി മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവില്‍ ചിന്നക്കനാല്‍ ഭാഗത്തേക്ക് തന്നെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കമ്പത്ത് നിന്നും ചിന്നക്കനായിലേക്ക് ഏകദേശം 88 കിലോമീറ്റര്‍ ദൂരമാണുളളത്. ചിന്നക്കനാല്‍ ജനവാസ മേഖലയിലേക്കുളള ആനയുടെ സഞ്ചാരം തടയുമെന്നുതന്നെയാണ് വനം വകുപ്പിന്റെ നിലപാട്.