KERALA

അപകടത്തില്‍പ്പെട്ടത് പെരുന്നാളിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ബോട്ട്; അഴിമുഖത്ത് ആഴംകൂട്ടിയെന്ന് ആരോപണം

താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് അറ്റ്‌ലാന്റിക് എന്ന ബോട്ട്

വെബ് ഡെസ്ക്

മലപ്പുറം താനൂര്‍ പൂരപ്പുഴയില്‍ 22 പേരുടെ മരണത്തിന് ഇടയാക്കി അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നെന്ന് പ്രദേശവാസികള്‍. അറ്റ്‌ലാന്റിക് എന്ന ബോട്ട് ആളുകളെ കുത്തിനിറച്ചുള്ള യാത്ര പതിവായിരുന്നു. കഴിഞ്ഞ പെരുന്നാള്‍ സമയത്ത് അപകട സാധ്യത മുന്നില്‍ കണ്ട് പോലീസ് ബോട്ട് കസ്റ്റഡിയില്‍ എടുക്കുകയും ചെയിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ബോട്ട് വീണ്ടും ആളുകളുമായി യാത്ര തുടങ്ങി. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് അറ്റ്‌ലാന്റിക് എന്ന ബോട്ട്.

ബോട്ട് സര്‍വീസിനായി പൂരപ്പുഴയിലെ അഴിമുഖ മേഖലയില്‍ ബോട്ടുടമയുടെ നേതൃത്വത്തില്‍ ആഴം കൂട്ടിയെന്നും ആരോപണമുണ്ട്. ബോട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പോലീസില്‍ നിരന്തരം പരാതിപ്പെട്ടിരുന്നതായി സ്ഥലം പഞ്ചായത്ത് കൗണ്‍സിലറും മാധ്യമങ്ങളോട് പ്രതികരിച്ചു. ബോട്ട് സര്‍വീസിലെ ക്രമക്കേട് ഉള്‍പ്പെടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും കൗണ്‍സിലര്‍ ആരോപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

ഇരുപത് ആളുകളെ കയറ്റാന്‍ സാധിക്കുന്ന ബോട്ടിലാണ് നാല്‍പ്പതോളം ആളുകളെ കയറ്റിയത്. അഞ്ചുമണി വരെയാണ് അപകടം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഈ സമയം കഴിഞ്ഞ് രാത്രിയോടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ല. ഇത് മരണസംഖ്യ ഉയരാന്‍ കാരണമാക്കി.

അപകടം നടന്ന ബോട്ട് മീന്‍പിടുത്ത ബോട്ട് രൂപം മാറ്റിയതാണെന്നും ആരോപണം ഉയരുന്നുണ്ട്. പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍ വെച്ചാണ് രൂപം മാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസമാണ് ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോട്ടിന് ഫിറ്റ്‌നസ് നല്‍കുമ്പോള്‍ രൂപരേഖയുള്‍പ്പടെ നിര്‍മ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നാണ് നിയമം.

എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയത് എങ്ങനെയാണെന്ന് വ്യക്തതയില്ല. ബോട്ടിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ ബോട്ട് സര്‍വീസിനിറങ്ങി എന്നും പ്രദേശത്തെ മല്‍സ്യ തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതിന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബോട്ട് ഇരുനിലയുള്ളതായതും ഗ്ലാസ് കൊണ്ട് മൂടിയതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നതിനും അപ്പുറത്തുള്ള മേഖലയിലാണ് ബോട്ട് മറിഞ്ഞത്. ആളുകളുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചെറുബോട്ടുമായി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ബോട്ടില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരെയാണ് പെട്ടെന്ന് രക്ഷപ്പെടുത്തിയത്. ഉള്ളില്‍ കുടുങ്ങിപ്പോയവര്‍ ബോട്ട് ചെളിയിലേക്ക് ആണ്ടു പോയപ്പോള്‍ അതില്‍പ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ