KERALA

മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു; വന്‍ദുരന്തത്തിലേക്ക് വഴിവച്ചത് തികഞ്ഞ അനാസ്ഥ

ബോട്ട് സര്‍വീസ് സുതാര്യമാക്കാന്‍ ജില്ലാ ഭരണകൂടമെടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ല

വെബ് ഡെസ്ക്

സംസ്ഥാനത്തെ ടൂറിസം മേഖല മുന്നേറ്റത്തിന്റെ പാതയിലെന്ന് അവകാശപ്പെടുമ്പോഴും അധികൃതരുടെ അനാസ്ഥയും ലാഭക്കൊതിയും ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നു. നിരന്തരം മുന്നറിയിപ്പുണ്ടായിട്ടും ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ കാര്യക്ഷമായി ഇടപെടാതിരുന്നതാണ് മലപ്പുറം താനൂരില്‍ 22 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുന്ന വലിയ ദുരന്തത്തിലേക്ക് വഴിവച്ചത് എന്നാണ് വ്യക്തമാക്കുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ജലഗതാഗത സംവിധാനങ്ങളില്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു താനൂര്‍ പൂരപ്പുഴയില്‍ സഞ്ചാരികള്‍ക്കായി ബോട്ട് സവാരി ഒരുക്കിയിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സാഹചര്യം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അധികൃതരുടെ ശ്രദ്ധയില്‍ എത്തിയിരുന്നു എന്നും വ്യക്തമാകുന്നു.

ബോട്ട് അപകടം നടന്ന മേഖലയില്‍ തിരച്ചില്‍

മലപ്പുറം ജില്ലയിലെ ഭാരതപുഴ, ചാലിയാര്‍ നദികളുടെ ചില പ്രദേശങ്ങളില്‍ യാതൊരു അനുമതിയും കൂടാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ട് സര്‍വീസ് നടത്തുന്നുവെന്ന് നേരത്തെ തന്നെ പൊന്നാനി തഹസില്‍ദാരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി ഡിറ്റിപിസി മലപ്പുറം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തു. നിയമം ലംഘിച്ച് ബോട്ട് യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് യോഗം ചേര്‍ന്നത്.

മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ് , മലപ്പുറം ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, പൊന്നാനി പോര്‍ട്ട് ഓഫീസര്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ , ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് എം കെ റഫീക്ക് ,അഡീഷണല്‍ പോലീസ് മേധാവി എം ഗംഗാധരന്‍, അഡീഷണല്‍ ഡിസ്ട്രിക്ക് മജിസ്ട്രേറ്റ് മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ എന്നിങ്ങനെ 16 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബോട്ടുകളുടെ കാലപ്പഴക്കം സംബന്ധിച്ച് അടിയന്തര പരിശോധന നടത്തി പൊന്നാനി പോര്‍ട്ട് ഓഫീസറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നുമായിരുന്നു യോഗം കൈക്കൊണ്ട തീരുമാനം. എന്നാല്‍ തീരുമാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങിയതിന്റെ പരിണിതഫലമാണ് താനൂരിലെ വന്‍ ദുരന്തം എന്നാണ് വ്യക്തമാകുന്നത്.

താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട ബോട്ട്. അറ്റ്ലാന്റിക് എന്ന ഈ ബോട്ട് അപകടകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ബോട്ട് സര്‍വീസിനായി പൂരപ്പുഴയിലെ അഴിമുഖ മേഖലയില്‍ ബോട്ടുടമയുടെ നേതൃത്വത്തില്‍ ആഴം കൂട്ടിയെന്നും ആരോപണമുണ്ട്. ബോട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പോലീസില്‍ നിരന്തരം പരാതിപ്പെട്ടിരുന്നതായി സ്ഥലം പഞ്ചായത്ത് കൗണ്‍സിലറും മാധ്യമങ്ങളോട് പ്രതികരിച്ചു. ബോട്ട് സര്‍വീസിലെ ക്രമക്കേട് ഉള്‍പ്പെടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും കൗണ്‍സിലര്‍ ആരോപിച്ചു. അപകടം നടന്ന യാത്രയ്ക്ക് മുന്‍പും നാട്ടുകാര്‍ ബോട്ട് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയ അറ്റ്ലാന്റിക്

  • ബോട്ട് യാത്രയില്‍ പാലിക്കേണ്ട യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും താനൂരിലെ ബോട്ട് സര്‍വീസില്‍ ഉണ്ടായിരുന്നില്ല

  • ഇരട്ടിയാത്രക്കാരെ കയറ്റി

  • യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഒരുക്കിയിരുന്നില്ല

  • സൂര്യസ്തമനത്തിന് ശേഷം സര്‍വീസ് പാടില്ലെന്ന ചട്ടം ലംഘിച്ചു

  • ബോട്ടിന്റെ ഘടനയിലും ഗുരുതരമായ മാറ്റങ്ങള്‍ വരുത്തി

  • ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ല

അതിനിടെ താനൂർ ബോട്ടപകടത്തിലെ നിയമലംഘനങ്ങൾ പരിശോധിച്ച് വരികയാണെന്ന് റവന്യുമന്ത്രി കെ രാജൻ വ്യക്തമാക്കി. ഇപ്പോൾ പ്രധാന്യം നൽകുന്നത് രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധനടപടികൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലൊരു അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം