താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമ പാട്ടരകത്ത് നാസറിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്. അപകടകരമായ പ്രവൃത്തിയാല്‍ ജീവഹാനിയുണ്ടാകുമെന്ന് മനസ്സിലായിട്ടും ബോട്ട് സര്‍വീസ് നടത്തിയ പശ്ചാത്തലത്തിലാണ് ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം എസ്.പി സുജിത്ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐപിസി 302-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. ബോട്ടിന്റെ ഡ്രൈവര്‍ ദിനേശനും കൂടെയുള്ളവരും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോട്ടിന്റെ ലൈസന്‍സുള്‍പ്പെടെയുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറമുഖവകുപ്പാണ് അന്വേഷിക്കുന്നതെന്നും എസ് പി സുജിത്ദാസ് അറിയിച്ചു. ബോട്ടിന്റെ സാങ്കേതികപരിശോധനകള്‍ പൂര്‍ത്തായാക്കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം പരിശോധനകള്‍ നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാസറിനെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കും. പ്രതി നാസറിനെ ചോദ്യം ചെയ്തശേഷം പോര്‍ട്ട് ഓഫീസറുടെയടക്കം മൊഴിയെടുക്കുമെന്നാണ് സൂചന.
മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ് ആണ് സംഘത്തലവന്‍. താനൂര്‍ ഡിവൈഎസ് പി വിവി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കോണ്ടോട്ടി എഎസ് പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ട് അംഗങ്ങളാണ്. ഉത്തരമേഖലാ ഐ ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
അതേ സമയം താനൂര്‍ ഡിവൈഎസ് പി സ്‌ക്വാഡിലെ അംഗമായ പരപ്പനങ്ങാടി സ്വദേശിയായ സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെയാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. മയക്ക്മരുന്ന് കേസിലെ പ്രതിയെ അന്വേഷിച്ചാണ് സിവില്‍ പോലീസ് ഓഫീസറായ സബറുദ്ദീന്‍ യൂണിഫോമിലല്ലാതെ പ്രതിയെ തെരഞ്ഞെത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തെരഞ്ഞെത്തിയതായിരുന്നു സബറുദ്ദീന്‍. വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് സബറുദ്ദീന്‍ ബോട്ടില്‍ കയറിയത്. ബോട്ടില്‍ മുകളില്‍ പരിശോധന നടത്തിയിന് ശേഷം താഴെ പരിശോധന നടത്തുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞത്. 28 ദിവസം പ്രായമായ കൈക്കുഞ്ഞുള്‍പ്പെടെ മൂന്ന് മക്കളുമാണ് സബറുദ്ദീനുള്ളത്. ഭാര്യ: മുനീറ, മാതാവ് എം.പി ജമീല, മക്കള്‍ ഫഹ്‌മിന്‍ അബു,ആയിഷ ദു ആ, ദിവ മെഹക്.