താനൂർ പോലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം കൃത്യമായും സുതാര്യമായും നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ലോക്കപ്പ് ആരെയും തല്ലാനുള്ള സംവിധാനമല്ലെന്നും പോലീസിന് ആരെയും തല്ലാനുള്ള അനുമതിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരിൽ താമിർ ജിഫ്രിയുടെ മരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപാപചയ സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രിയല്ല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും വി ഡി സതീശന്റെ പരിഹാസം
"താമിർ ജിഫ്രി കസ്റ്റഡിയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പ്രത്യേക കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഒരു രീതിയിലും പോലീസ് സ്റ്റേഷനുകളിൽ ബലപ്രയോഗമോ മർദ്ദനമോ സർക്കാർ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കൊള്ളരുതായ്‌മ കാണിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും. ഇത്തരം കേസുകളിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തില്ല, സിബിഐക്ക് വിടാനാണ് താൽപര്യപ്പെടുന്നത്. താനൂർ കേസിൽ അന്വേഷണം കൃത്യമായി നടക്കും." മുഖ്യമന്ത്രി പറഞ്ഞു.
2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപുള്ള കസ്റ്റഡി മരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015 ൽ 13 കസ്റ്റഡി മരണങ്ങൾ സംഭവിച്ചു. അന്ന് ഒരു കേസിൽ ശാസന മാത്രമാണ് നൽകിയതെന്നും 2012 ൽ നടന്ന കേസിൽ അച്ചടക്ക നടപടി മാത്രമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സർക്കാർ കർശന നടപടി എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം, എസ്പിയ്ക്ക് എതിരായ ആരോപണം സിബിഐയും സർക്കാരും പരിശോധിക്കുമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, കസ്റ്റഡി മരണത്തിൽ മറുപടി നൽകിയപ്പോൾ, മുഖ്യമന്ത്രി പോലീസിനെ പുകഴ്ത്തുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വയനാട്ടില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ ആളുകളെ വെടിവച്ച് കൊന്നിട്ടില്ലേ എന്നും കേരളത്തില്‍ മറ്റ് വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലേ എന്നും വിഡി സതീശൻ ചോദിച്ചു. വേണ്ടപ്പെട്ടവരുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ സർക്കാരോ പോലീസോ കേസെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപാപചയ സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രിയല്ല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സതീശൻ പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.