താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഡിജിപി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പു വച്ചു. വൈകാതെ സിബിഐ അന്വേഷണം ഏറ്റെടുത്തേക്കും.
മലപ്പുറം താനൂരിൽ പോലീസിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന താമിർ ജിഫ്രിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് ഉള്‍പ്പടെ അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.
ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിർ ജിഫ്രിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടർന്ന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും തുടകൾക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തതും ഗുരുതരവീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിനായി മലപ്പുറം ജില്ലാ കളക്ടറെയും താനൂർ പോലീസിനെയും ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചത്.
താമിറിനെ മർദ്ദിച്ച സ്ഥലമെന്ന് സംശയിക്കുന്ന താനൂരിലെ പോലീസ് ക്വാർട്ടേഴ്സ് ക്രൈംബ്രാഞ്ച് സംഘം സീൽ ചെയ്തു. ഇവിടെ നിന്ന് ഫൊറൻസിക് സംഘം താമിറിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് എംഡിഎംഎ പൊതിയാൻ ഉപയോഗിച്ചെന്ന് കരുതുന്ന കവറുകളും കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
താമിറിനെ മർദ്ദിച്ചവരിൽ താനൂരിലെ പോലീസിനൊപ്പം ഡാൻസാഫ് സംഘവും ഉണ്ടായിരുന്നു. ഇതോടെ ആദ്യഘട്ടത്തിൽ തന്നെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കുടുംബത്തിന്റെ ആവശ്യവും മലപ്പുറം എസ്പി സുജിത് ദാസിനെ മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായതോടെയാണ് കേസ് ഇപ്പോൾ സിബിഐക്ക് വിടുന്നത്. പോലീസ് സംഘം താമിറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് താമിറിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരും വെളിപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസിൽ താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി പോലീസ് സ്റ്റേഷനിൽ മരിച്ചത്. കസ്റ്റഡിയിലെടുത്ത താമിർ പുലർച്ചെയോടെ തളർന്നു വീഴുകയായിരുന്നു. താനൂർ ദേവധാർ മേൽപാലത്തിന് സമീപത്തുവച്ചാണ് താമിറിനെയും സംഘത്തെയും പിടികൂടിയതെന്നാണ് പോലീസ് രേഖപ്പെടുത്തിയത്.
എന്നാൽ ചേളാരിയിൽനിന്നാണ് പിടികൂടിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇവരെ പിടികൂടിയ സമയത്ത് താനൂർ പോലീസിനൊപ്പം ഡാൻസാഫ് സംഘമുണ്ടായിരുന്നു. എന്നാൽ ഇതേകുറിച്ച് എഫ്ഐആറിൽ പറയുന്നില്ല. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
താമിർ ജിഫ്രിയുടെ കൊലപാതകം സിബിഐയ്ക്ക് വിട്ട സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണത്തിലൂടെ യഥാർഥ സത്യം പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.